NEWSWorld

വിദേശ ഗൂഢാലോചന ആരോപണവുമായി ഇമ്രാന്‍ഖാന്‍ വീണ്ടും രംഗത്ത്; പാര്‍ട്ടി യോഗം വിളിച്ചു

ഇസ്ലാംമബാദ്: അവിശ്വാസപ്രമേയം പാസായി അധികാരം നഷ്ടപ്പെട്ട് പുറത്തുപോയ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിദേശ ഗൂഢാലോചന ആരോപണവുമായി വീണ്ടും രംഗത്തെത്തി. 1947-ല്‍ ആണ് പാകിസ്താന് സ്വാതന്ത്രം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണക്രമത്തിനെതിരേ വിദേശ ഗൂഢാലോചന നടന്നിരിക്കുന്നു. ജനാധിപത്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ പ്രതിരോധം തീര്‍ക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇമ്രാന്‍ഖാന്റെ ആദ്യ പ്രതികരണം.

ഇതിനിടെ നാളെ ദേശീയ അസംബ്ലിയില്‍ നിന്ന് എല്ലാ അംഗങ്ങളും രാജിവെക്കാന്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ ടെഹരീക്ക് ഇ ഇന്‍സാഫ് (പി.ടി.ഐ) തീരുമാനിച്ചു. ഭാവിയില്‍ ഏത് തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗവും ഇമ്രാന്‍ വിളിച്ചുചേര്‍ത്തു. ഇതിനിടെ പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയാവുമെന്ന് കരുതുന്ന ഷെഹബാസ് ഷെരീഫിനും മകന്‍ ഹംസയ്ക്കുമെതിരെ പണം തട്ടിപ്പിന് പാകിസ്താനിലെ പ്രത്യേക കോടതിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നതായും വാര്‍ത്തയുണ്ട്.

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ഖാന്‍ പുറത്തായത്. ദേശീയ സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാത്രി പന്ത്രണ്ടേ മുക്കാലോടെ പാസാവുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചതോടെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി രാത്രിതന്നെ കോടതി ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്.

 

Back to top button
error: