NEWS

വേനൽമഴ ശക്തം;ജലജന്യരോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: ആരോഗ്യ വകുപ്പ് 

വേനല്‍മഴ ശക്തമായതോടെ ജലജന്യരോഗങ്ങള്‍ക്കും വിവിധതരം പനികള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.മഴക്കാലരോഗങ്ങളില്‍ ഏറ്റവും അപകടകാരികള്‍ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയാണ്‌.ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

ഡെങ്കിപ്പനി ലക്ഷണങ്ങൾ

പെട്ടെന്ന് വരുന്ന ശക്തമായ പനിയും തലവേദനയും, പേശിവേദന. സന്ധിവേദന, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന. ചിലര്‍ക്ക്‌ ശരീരത്തില്‍ തിണര്‍പ്പുകള്‍ ഉണ്ടാവും. കൊതുകുകടി കൊണ്ട് നാല് മുതല്‍ 10 ദിവസത്തിനുള്ളിലാണ് പനി തുടങ്ങുക. ചെറിയ ശതമാനം ആളുകളില്‍, പ്രധാനമായും കുട്ടികളിലും പ്രായമേറിയവരിലും ഗര്‍ഭിണികളിലും മറ്റസുഖങ്ങള്‍ ഉള്ളവരിലും, രക്തസ്രാവമുണ്ടാകുന്ന ഡെങ്കി ഹെമറേജിക് ഫീവര്‍, രക്തസമ്മര്‍ദ്ദം കുറയുന്ന ഡെങ്കിഷോക്ക് സിന്‍ഡ്രോം എന്നിവ വന്ന് മാരകമായേക്കാം. ശക്തമായ വയറുവേദനയും ഛര്‍ദ്ദിയും, ശ്വാസതടസം, നീരുവയ്ക്കല്‍, കഠിനമായ തളര്‍ച്ച,മോണയില്‍നിന്ന്‌ രക്തസ്രാവം, ചോര ഛര്‍ദ്ദിക്കുക എന്നിവയൊക്കെ ഗുരുതരാവസ്ഥയുടെ സൂചകങ്ങളാണ്.

എലിപ്പനി ലക്ഷണങ്ങൾ

കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട, പേശിവേദന. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തലവേദന, പനിയോടൊപ്പം ചിലപ്പോള്‍ വിറയല്‍. ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാകുക, മൂത്രം മഞ്ഞനിറത്തില്‍ പോകുക എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം.

പ്രതിരോധമാര്‍ഗങ്ങള്‍

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മതിയായ പാദരക്ഷകളും കയ്യുറയും ധരിക്കാതെ ഇറങ്ങാതിരിക്കുക, തൊഴിലുറപ്പ്‌ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധമരുന്ന് കഴിക്കുക.ആഹാരപദാര്‍ഥങ്ങള്‍ അടച്ചുസൂക്ഷിക്കുക, തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക.ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, കൈകാലുകള്‍ കഴുകുകയോ അരുത്.

Back to top button
error: