മൂവാറ്റുപുഴ: അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ. കരുവന്നൂർ മുതൽ കാരാപ്പുഴ ബാങ്ക്ഭരണസമിതിവരെ നിക്ഷേപകരുടെ ശതകോടികളാണ് കവർന്നെടുത്തത്. ഇതിനിടയിലാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ദലിത് കുടുംബത്തോട് അർബൻ സഹകരണ ബാങ്ക് കണ്ണിൽ ചോരയില്ലാതെ നിഷ്ഠൂരമായി പെരുമാറിയത്. അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുന്നതിനിടെ അവരുടെ 3 പെൺകുട്ടികൾ ഉൾപ്പെടെ 4 മക്കളെ വീട്ടിൽ നിന്നിറക്കി വിട്ടു കൊണ്ടുള്ള അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടി കേരള മനസാക്ഷിയെ ഞെട്ടിച്ചു. മാതാപിതാക്കൾ എത്തിയ ശേഷം വീടു വിട്ടിറങ്ങാം എന്നു കുട്ടികൾ പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല. അവർ കുട്ടികളെ ഇറക്കി വിട്ട് വീട് മുദ്ര വച്ചു.
പായിപ്ര പയത്തില്‍ വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10ലും 7ലും 5ലും പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. രണ്ടുപേർ ഇരട്ടപ്പെൺകുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ ഈ നിഷ്ഠുരനടപടി.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ മഞ്ജുവും അജേഷിനൊപ്പമായിരുന്നു.
പഞ്ചായത്ത് നൽകിയ 3 സെന്റ് സ്ഥലത്ത് നിർമിച്ച വീടാണ് ഇത്. വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് നിസഹായരായി പെരുവഴിയിൽ നിൽക്കുന്ന കുട്ടികളുടെ അവസ്ഥ അറിഞ്ഞു സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കൊപ്പം വീടിനു മുന്നിൽ കുത്തിയിരുന്നു..
ബാങ്ക് അധികൃതരുമായി ചർച്ച നടത്തിയിട്ടും പ്രയോജനം ലഭിക്കാതിരുന്നതിനെ തുടർന്ന് എംഎൽഎ പൂട്ടു തകർത്ത് കുട്ടികളെ വീട്ടിൽ തിരികെ പ്രവേശിപ്പിച്ചു.
മാത്രമല്ല ബാങ്ക് ജപ്തി ചെയ്ത കുടുംബത്തിന്റെ ബാധ്യതയും അജേഷിന്റെ ചികിത്സാ ചെലവുകളും ഏറ്റെടുക്കുമെന്നും വീടിന്റെ ആധാരം ബാങ്കില്‍ നിന്ന് വീണ്ടെടുത്തു കൊടുക്കുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.
ഇതിനിടെ അജേഷിന്റെ വായ്പാ കുടിശ്ശിക മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) അടച്ചുതീര്‍ത്തു. ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഈ വിവരം അറിയിച്ചത്.
പക്ഷേ ഗൃഹനാഥന്‍ അജേഷ് ഈ വാഗ്ദാനം തള്ളി. ബാങ്ക് ജീവനക്കാരുടെ തുക തനിക്ക് വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് ആദ്യം സഹായം വാഗ്ദാനം ചെയ്തത്. അത് സ്വീകരിക്കും. അര്‍ബന്‍ ബാങ്കിനോട് മൂന്ന് മാസത്തെ സാവകാശം ചോദിച്ചിരുന്നെന്ന് അജേഷ് പറയുന്നു. മുഴുവന്‍ പണവും അടയ്ക്കാന്‍ ആറ് മാസം സാവകാശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് ചെവിക്കൊള്ളാൻ പോലും ബാങ്ക് തയാറായില്ല. പിന്നീടാണ് കുട്ടികള്‍ മാത്രം വീട്ടിലുള്ളപ്പോള്‍ വന്ന് അവരെ പുറത്താക്കി വീട് ജപ്തി ചെയ്ത് പോയത്.
താൻ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തി. തന്നെയും തന്റെ കുടുംബത്തെയും അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ട. പല തവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ രംഗത്ത് വരുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രനാൾ ബാങ്ക് ജീവനക്കാർ തൻ്റെ വാക്കുകൾ കേൾക്കാൾ കൂടി തയ്യാറായിരുന്നില്ലെന്ന് അജേഷ് പറഞ്ഞു.