World

ഇറാനിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്ക് വിലക്ക്

മഷാദ്: രാജ്യത്തെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറാന്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലെബനനെതിരായ മത്സരത്തോടനുബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ ഫുട്ബോള്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ലെബനനെതിരായ മത്സരം കാണാനായി ഏകദേശം രണ്ടായിരത്തോളം ഇറാനിയന്‍ വനിതകള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇറാനിലെ ഇമാം റെസ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

മത്സരത്തില്‍ ഇറാന്‍ 2-0 ന് വിജയിച്ചെങ്കിലും രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍ അരിശത്തിലാണ്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഇറാന്‍ ദേശീയ ഫുട്ബോള്‍ ടീം നായകന്‍ അലിറെസ ജഹാന്‍ബക്ഷ് രംഗത്തെത്തി. ‘ സ്ത്രീകള്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ക്കും മത്സരം കാണാന്‍ അവകാശമുണ്ട്.’-അലിറെസ പറഞ്ഞു. ഇതിനുമുന്‍പും ഇറാന്‍, സ്ത്രീകള്‍ക്ക് ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം 2022 ജനുവരിയിലാണ് ഇറാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അന്ന് ഇറാഖിനെതിരെയാണ് ഇറാന്‍ കളിച്ചത്.

Signature-ad

സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിന്റെ പേരില്‍ ഇറാനെ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ മുന്‍പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇറാന് അന്ന് വിലക്ക് വന്നത്. 2018-ല്‍ പുരുഷവസ്ത്രം ധരിച്ച് കളി കാണാനെത്തിയ സഹര്‍ ഖോദായാരി എന്ന വനിതയെ സ്റ്റേഡിയത്തിനകത്തുനിന്ന് ഇറാന്‍ പോലീസ് പിടിച്ചു. ഇവരെ ജയിലേക്ക് അയയ്ക്കാന്‍ വിധിവന്നു. ഇതോടെ സഹര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യ വലിയ കോലാഹലങ്ങള്‍ക്കാണ് വഴിവെച്ചത്. ഈ സംഭവത്തിനുശേഷം സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടിരുന്നു. പക്ഷേ പലപ്പോഴും ഇറാന്‍ സര്‍ക്കാര്‍ ഇത് അവഗണിക്കുകയാണുണ്ടായത്.

 

Back to top button
error: