India

യുദ്ധത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി; ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് ഡല്‍ഹിയിലെത്തി. അദ്ദേഹം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തിലത്തില്‍ സെര്‍ജി ലവ്റോവിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രധാന്യമാണുള്ളത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് സെര്‍ജി ലവ്റോവ് ന്യൂഡല്‍ഹിയിലെത്തിയത്. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടക്കമുള്ള സഹകരണം സംബന്ധിച്ച് ചര്‍ച്ച നടക്കും.

ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ. വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള വിലയില്‍നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

റഷ്യയ്ക്കു മേല്‍ പാശ്ചാത്യ ഉപരോധം ശക്തമായി തുടരുമ്പോഴും റഷ്യയില്‍നിന്ന് ഇന്ത്യ ഇറക്കുമതി തുടരുന്നുണ്ട്. ഇതിലുള്ള അതൃപ്തി അമേരിക്കയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, റഷ്യയുമായി പുലര്‍ത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രൈന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞിരുന്നു.

 

Back to top button
error: