”ബി.ജെ.പി. സര്‍ക്കാര്‍ മതരാഷ്ട്രീയത്തെ ലാളിക്കുന്നു” വിമര്‍ശനവുമായി ബി.ജെ.പി. നേതാവ്
ബെംഗളൂരു: ക്ഷേത്ര പരിസരത്ത് മുസ്ലിം വ്യാപാരികളെ വിലക്കണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനത്തെ വിമര്‍ശിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എച്ച്.വിശ്വനാഥ്. സര്‍ക്കാര്‍ മതരാഷ്ട്രീയത്തെ ലാളിക്കുകയാണെന്നും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയായ വിശ്വാനാഥ് ആരോപിച്ചു.
‘മറ്റു രാജ്യങ്ങളിലും മുസ്ലിങ്ങള്‍ താമസിക്കുന്നുണ്ട്. ഈ മുസ്ലിങ്ങള്‍ ഭക്ഷണവും പൂക്കളും വില്‍ക്കുന്നില്ലേ. അവിടെ എന്താണ് പ്രശ്നം, അവര്‍ ചെറിയ കച്ചവടക്കാരാണ്. അവര്‍ എന്ത് കഴിക്കും. ഹിന്ദുവും മുസ്ലിമും അല്ല പ്രശ്നം, കാലിയായ വയറിന്റെ ചോദ്യമാണിത്’ എച്ച്.വിശ്വനാഥ് പറഞ്ഞു. സംസ്ഥാനത്ത് ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിശബ്ദകാഴ്ചക്കാരനായി സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു നിലപാട് എടുക്കണം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് താന്‍ തന്റെ എതിര്‍പ്പ് ഇതിനോടകം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ബിജെപി സര്‍ക്കാരാണ്. അല്ലാതെ ആര്‍എസ്എസോ ബജ്റംഗ് ദളോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനകളോ അല്ലെന്നും അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. 2019-ല്‍ ജെഡിഎസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തിയതാണ് എച്ച്.വിശ്വനാഥ്.