Kerala

മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പണം കൈപ്പറ്റി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണവും

കൊച്ചി: പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ അന്വേഷണം. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്‌ഐ എബി വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിടുകയായിരുന്നു. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്.ഐ: എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയാണ്.

മോന്‍സനില്‍ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നും ഇരുവരും മൊഴി നല്‍കി. മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പിനായി ഉപയോഗിച്ച ശില്‍പ്പങ്ങളെല്ലാം അത് നിര്‍മ്മിച്ച ശില്‍പ്പിക്ക് തിരികെ നല്‍കി. കോടതി ഉത്തരവ് പ്രകാരമാണ് ശില്‍പ്പങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷിന് ക്രൈം ബ്രാഞ്ച് നല്‍കിയത്.

പുരാവസ്തു തട്ടിപ്പിനായി പ്രമോ വീഡിയിലുള്‍പ്പടെ മോന്‍സന്‍ മാവുങ്കല്‍ എടുത്തുകാണിച്ചത് ദശാവതാര ശില്‍പ്പമായിരുന്നു. 100 ലധികം വര്‍ഷങ്ങളുടെ പഴക്കമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച ഈ വിഗ്രഹത്തിന് മുന്നില്‍ നിര്‍ത്തിയാണ് അതിഥികളായെത്തിയ വിഐപികളുടെ ചിത്രവും പകര്‍ത്തിയത്. മൂന്നു വര്‍ഷം മുമ്പ് മുട്ടത്തറ സ്വദേശിയായ ശില്‍പ്പി സുരേഷ് നിര്‍മ്മിച്ചു കൈമറിയതായിരുന്നു ഈ ശില്‍പ്പം. പുരാവസ്തു വില്‍പ്പനക്കാരനെന്ന് തെറ്റിദ്ധിരിപ്പിച്ച് സുരേഷില്‍ നിന്നും 9 ശില്‍പ്പങ്ങള്‍ മോന്‍സന്‍ വാങ്ങിയിരുന്നു. 80 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഏഴു ലക്ഷമാണ് നല്‍കിയത്. ദശാവതാരം പെയിന്റടിക്കുകയും ചെയ്തു. സുരേഷിന്റെ പരാതിയില്‍ മോന്‍സനെതിരെ വഞ്ചനാകുറ്റത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു.

മോന്‍സന്റെ കൊച്ചിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിലെടുത്ത ശില്‍പ്പങ്ങള്‍ തനിക്ക് വേണമെന്നാവശ്യപ്പെട്ട് സുരേഷ് കോടതിയെ സമീപിച്ചു. കാലപ്പഴക്കം നിര്‍ണയിക്കാന്‍ പുവാസ്തുവകുപ്പിന് വിഗ്രഹങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് എതിര്‍ത്തു. പക്ഷേ ഈ വിഗ്രങ്ങളുടെ പഴക്കം നിര്‍ണിയിക്കാന്‍ സംസ്ഥാന പുരാവസ്തുവകുപ്പിന് സംവിധാനങ്ങളില്ലെന്ന അറിയിച്ചതോടെ ശില്‍പ്പങ്ങള്‍ സുരേഷിന് വിട്ടു നല്‍കാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ 9 ശില്‍പ്പങ്ങളും നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ശില്‍പ്പങ്ങള്‍ നല്‍കിയത്. കേസ് അവസാനിച്ച ശേഷമേ സുരേഷിന് ഈ ശില്‍പ്പങ്ങള്‍ വില്‍പ്പന നടത്താന്‍ കഴിയൂ. കുറ്റപത്രം നല്‍കി കഴിഞ്ഞാലുടന്‍ കേസ് എത്രയും വേഗം തീര്‍പ്പാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് സുരേഷിന്റെ അഭിഭാഷകര്‍ പറഞ്ഞു.

Back to top button
error: