ഓര്‍മക്കുറവു പരിഹരിക്കാന്‍ കടുംപച്ച ഇലക്കറികള്‍ കഴിക്കാം
ഓര്‍മക്കുറവ്, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തടസ്സം എന്നിവ കുട്ടികളിലും മുതിര്‍ന്നവരിലും വളരെ കൂടുതലാണ്. മാത്രമല്ല അല്‍സ്ഹൈമര്‍ പോലുള്ള മറവിരോഗങ്ങളും വാര്‍ധക്യത്തിനു മുമ്പുതന്നെ എത്തുന്നു. പല പോഷകങ്ങള്‍ക്കും ഈ അവസ്ഥകള്‍ കുറയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കും. ബി വൈറ്റമിനുകളായ കോളിന്‍, തയമിന്‍, ഫോളിക് ആസിഡ് തുടങ്ങിയവയും വൈറ്റമിന്‍ ഡി യും ഒമേഗ 3യുമെല്ലാം ബുദ്ധിക്ഷമതയെ കൂട്ടാനും ബ്രയിന്‍സെല്‍സിന്‍റെ വളര്‍ച്ചയ്ക്കും സഹായിക്കും.
ഓര്‍മവേഗം കൂട്ടാന്‍
- ബ്രോക്കോളി, ബ്രസല്‍ സ്പ്രൌട്ട്സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവര്‍ഗങ്ങള്‍ക്കും തലച്ചോറിന്‍റെ പ്രവര്‍ത്തനവേഗം മെച്ചപ്പെടുത്താനും ഓര്‍മ വര്‍ധിപ്പിക്കാനും ശേഷിയുണ്ടെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ ഭക്ഷണത്തില്‍ കടും പച്ചനിറമുള്ള ഇലക്കറികള്‍ വേണ്ടത്ര ഉള്‍പ്പെടുത്തണം.
- ഫൈറ്റോ കെമിക്കല്‍സ് ധാരാളമടങ്ങിയ സ്ട്രോബെറി, ബട്ടര്‍ഫ്രൂട്ട്, ഓറഞ്ച്, നെല്ലിക്ക, ഗ്രീന്‍ ടീ, പേരയ്ക്ക തുടങ്ങിയവയും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും കോശങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും സഹായിക്കും.
- ഒമേഗ 3 വാര്‍ധക്യത്തിലുണ്ടാകുന്ന മറവി രോഗം(ഡിമന്‍ഷ്യ), നാഡി സംബന്ധമായ രോഗങ്ങള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ ഡിയ്ക്ക് ഓര്‍മയും ഗ്രഹണശക്തിയും കൂട്ടാന്‍ കഴിവുണ്ട്. സൂര്യപ്രകാശമേല്‍ക്കുന്നതും മുട്ട, പാല്‍ തുടങ്ങിയവയും വൈറ്റമിന്‍ ബിയുടെ സ്രോതസ്സാണ്.
മത്തി മുതല്‍ ബദാം വരെ
- കടല്‍ മത്സ്യങ്ങളായ മത്തി, അയല, ചൂര തുടങ്ങിയവയിലും സോയാബീന്‍, മത്തന്‍കുരു, സൂര്യകാന്തി, ഫ്ലാക്സീഡ്, ബദാം, വാല്‍നട്ട് എന്നിവയിലും ഒമേഗാ 3 യുടെ ഘടകങ്ങളായ DHA, EPA അടങ്ങിയിരിക്കുന്നു.
- ഉള്ളി, സവാള തുടങ്ങിയവയില്‍ അടങ്ങിയ ക്വര്‍സറ്റിന്‍ ബുദ്ധക്ഷമത കൂട്ടാന്‍ സഹായിക്കും.
- കോളിന്‍ ധാരാളമടങ്ങിയ മുട്ടമഞ്ഞ, സോയാബീന്‍, മട്സ്, സീഡ്സ് തുടങ്ങിയവ അല്‍സ്ഹൈമര്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്.
മധുരവും മദ്യവും കുറയ്ക്കാം
- പഞ്ചസാരയുടെ അമിതഉപയോഗം ഓര്‍മ കുറയ്ക്കും. തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കും.
- ഫ്രക്ടോസ് കോണ്‍സിറപ്പ്, കൃത്രിമ മധുരങ്ങള്‍ അടങ്ങിയ ജെല്ലികള്‍, പഴച്ചാറുകള്‍, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവ അഡ്രിനാലിന്‍റെ അളവു കൂട്ടി കുട്ടികളെ ഹൈപ്പര്‍ ആക്ടീവ് ആക്കി ഓര്‍മശേഷിയെ കുറയ്ക്കാം. കൃത്രിമ മധുരം ചേര്‍ന്ന ഭക്ഷണം കുട്ടികള്‍ക്ക് ഒഴിവാക്കണം.
- ട്രാന്‍സ്ഫാറ്റ് അടങ്ങിയ ബേക്കറി പലഹാരങ്ങള്‍ തലച്ചോറിലെ കോശങ്ങളെ ചുരുക്കി ഗ്രഹണശക്തി കുറയ്ക്കാം.
- തലച്ചോറിനെ മന്ദീഭവിപ്പിക്കുന്നതിനാല്‍ മദ്യവും ഒഴിവാക്കാം.
ബുദ്ധികൂട്ടും ബ്രഹ്മി
ഓര്‍മക്കുറവ് പരിഹരിക്കുന്നതിനും തലച്ചോറിന്‍റെ വികാസത്തിനും ഞരമ്പുകളുടെ പുനരുജ്ജീവനത്തിനുമെല്ലാം ബ്രഹ്മി
- മികച്ച ഔഷധമെന്ന് ആയുര്‍വേദ പഠനങ്ങള്‍ പറയുന്നു. ബ്രഹ്മി ഇലനീരും, ബ്രഹ്മി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. എന്നാല്‍ ഭക്ഷണമായി നേരിട്ട് ഉപയോഗിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ട്. കുട്ടികളില്‍ ഉയര്‍ന്ന അളവില്‍ ബ്രഹ്മി ഉള്ളിലെത്തുന്നതും നന്നല്ല.