സീസണ്‍ തുടങ്ങുന്ന സമയത്ത് ആരും ഞങ്ങളില്‍ പ്രതീക്ഷ വെച്ചിരുന്നില്ല.അവിടെ നിന്ന് ഞങ്ങള്‍ സെമി വരെ എത്തി.അതും കഴിഞ്ഞ സീസണില്‍ നേടിയതിനേക്കാള്‍ ഇരട്ടി ഗോളുകള്‍ നേടിക്കൊണ്ട്.ഇത് കഠിന പ്രയത്നത്തിന്റെ ഫലമാണ്.അവസാന എഴുമാസാമായി ഈ ടീമിനായി ഒരോരുത്തരും അവരുടെ എല്ലാം നല്‍കുകയാണ്.കോവിഡ് വന്നിട്ടും ബയോ ബബിളിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ മറികടന്നും ഇവിടെ വരെ എത്തിയതിന് ഈ ടീം കയ്യടികള്‍ അര്‍ഹിക്കുന്നുണ്ട്- ഇവാന്‍ പറഞ്ഞു.
ആദ്യപാദ സെമിയിലെ ഒരു ഗോള്‍ വിജയത്തിന്റെ മുന്‍തൂക്കവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്.ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴസ് ജംഷഡ്പൂരിനെ തോല്‍പ്പിച്ചത്.ലീഗില്‍ ഒന്നാം സ്ഥാനം നേടി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പൂരിന് രണ്ടാം പാദ സെമിയില്‍ കുറഞ്ഞത് രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ ജയിച്ചാലേ ഫൈനലില്‍ കടക്കാനാകൂ.തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.