റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ചാനലിലെ ജീവനക്കാര്‍ തത്സമയ സംപ്രേഷണത്തിനിടെ രാജിവെച്ചു
മോസ്കോ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ടെലിവിഷന്‍ ചാനലിലെ മുഴുവന്‍ ജീവനക്കാരും തത്സമയ സംപ്രേഷണത്തിനിടെ രാജിവെച്ചു. യുക്രൈനിലെ യുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് രാജി. റഷ്യയിലെ ടി.വി. റെയ്നിലെ ജീവനക്കാരാണ് രാജിയിലൂടെ യുക്രൈന് പിന്തുണ അറിയിച്ചത്. ഇതിന്റെ വീഡിയോ എഴുത്തുകാരനായ ഡാനിയല്‍ എബ്രഹാം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചിട്ടുണ്ട്.
Staff of the Russian TV channel “The Rain” quit during a live stream. Said “no war” and then played “swan lake” ballet video just like they did on all tv channels when the USSR suddenly collapsed)#UkraineRussianWar #Ukraine #UkraineWar #StopPutin pic.twitter.com/ZA2G7VuwyO
— InTheMiddleMedia (@InTheMiddleTV) March 3, 2022
തത്സമയ സംപ്രേഷണത്തിനിടെ ചാനലിന്റെ സ്ഥാപകരില്‍ ഒരാളായ നതാലിയ സിന്ദെയേവ ‘നോ വാര്’ എന്നു പറയുകയായിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരെല്ലാം സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ‘സ്വാന് ലെയ്ക്ക്’ എന്ന ബാലേ വീഡിയോയാണ് റെയ്ന്‍ ടിവി സംപ്രേഷണം ചെയ്തത്. 1991-ല്‍ സോവിയറ്റ് യൂണിയന് തകര്‍ന്നപ്പോള്‍ റഷ്യന്‍ ഭരണകൂടത്തിന് കീഴിലുള്ള ടി.വി. ചാനലുകളില്‍ ഈ ബാലേ വീഡിയോയാണ് കാണിച്ചിരുന്നത്. ഇനി പരിപാടികളുടെ സംപ്രേഷണം ഉണ്ടാകില്ലെന്ന് റെയ്ന്‍ ചാനല്‍ അധികൃതര്‍ പിന്നീട് അറിയിച്ചു.
റഷ്യയിലെ അവശേഷിച്ചിരുന്ന നിഷ്പക്ഷ മാധ്യമമായ എക്കോ മോസ്ക്വി (എക്കോ ഓഫ് മോസ്കോ) റേഡിയോ സ്റ്റേഷനും യുക്രൈനിലെ യുദ്ധ റിപ്പോര്‍ട്ടിങ്ങിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. റഷ്യയുടെ അധിനിവേശ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിട്ടതോടെ എക്കോ മോസ്ക്വിയുടെ ബോര്‍ഡ് പിരിച്ചുവിടുന്നതായി ചീഫ് എഡിറ്റര്‍ അലക്സി വെനെഡിക്റ്റോവ് വ്യാഴാഴ്ച്ച വ്യക്തമാക്കി.