KeralaNEWS

ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ, ഇരുപത് ദിവസം പ്രായമായ കുഞ്ഞ് അവശനിലയിലും

നെയ്യാറ്റിന്‍കരയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര മണലുവിള വലിയവിളയില്‍ ഏദന്‍ നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍(45), ഭാര്യ പ്രമീള(37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ദാമ്പതികൾക്ക് ഇരുപത് ദിവസം പ്രായമായ കുഞ്ഞുണ്ട്. പൊലീസ് എത്തുമ്പോള്‍ കുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞിനെ ആദ്യം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്കും മാറ്റി.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഷിജു സ്റ്റീഫന്‍റെയും പ്രമീളയുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തികബാധ്യത കാരണം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ക്വാറി തൊഴിലാളിയാണ് ഷിജു സ്റ്റീഫന്‍.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
(Toll free helpline number: 1056)

Back to top button
error: