മധ്യപ്രദേശില്‍ കുഴല്കിണറ്റില് വീണ നാല് വയസുകാരന് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശില്‍ കുഴല്കിണറ്റില് വീണ നാല് വയസുകാരൻ മരിച്ചു. ഉമാരിയ ജില്ലയിലാണ് സംഭവം. നാല് വയസുകാരനായ ഗൗരവ് ദുബെയാണ് മരണത്തിന് കീഴടങ്ങിയത്. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബദ്ഛദിലുള്ള കുഴല്‍ക്കിണറിനുള്ളില്‍ നിന്നും ഗൗരവിനെ പുറത്തെത്തിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ രക്ഷപെടുത്തിയ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11നായിരുന്നു 60 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണർ തുറന്ന നിലയിലായിരുന്നു. അവിടെ കളിക്കുകയായിരുന്ന ഗൗരവ് കുഴൽക്കിണറിൽ വീഴുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ടാണ് വിവരം ആളുകൾ അറിഞ്ഞത്. തുടർന്ന് അവിടെയുണ്ടായിരുന്നവർ സംഭവം നാട്ടുകാരെയും പ്രാദേശിക ഭരണകൂടത്തെയും അറിയിച്ചു. പിന്നാലെ പ്രാദേശിക ഭരണകൂടവും പോലീസും സ്ഥലത്തെത്തിയിരുന്നു.
കുട്ടിക്ക് ഓക്സിജൻ നൽകുന്നതിനായി കുഴൽക്കിണറിൽ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. മെഡിക്കൽ സംഘവും സ്ഥലത്തെത്തി. വെള്ളിയാഴ്ച പുലർച്ചെ നാല് വരെ നീണ്ട രക്ഷാദൗത്യത്തിന് ശേഷം ഗൗരവിനെ പുറത്തെടുത്ത് കട്നി ജില്ലയിലെ ബർഹി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി.
എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മുങ്ങിമരണമാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ഉമരിയ കളക്ടർ സഞ്ജീവ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തു.