CrimeNEWS

വെള്ളമടിക്കുന്ന പമ്പ് മോഷ്ടിച്ച് വെള്ളമടിച്ച വിരുതന്മാർ പൊലീസ് വലയിൽ കുടുങ്ങി, കാല്‍ലക്ഷത്തിന്റെ പമ്പ് ആയിരം രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റു

ത്തനംതിട്ട: ചെറുകിട ജലസേചന വകുപ്പ്, കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന മോട്ടോര്‍ പമ്പ് പട്ടാപ്പകല്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍.

കോട്ടാങ്ങല്‍ വായ്പൂർ പാലക്കല്‍ പാലത്താനം കോളനി പള്ളിത്താഴെ സന്തോഷ് എന്ന് വിളിക്കുന്ന അനീഷ് കുമാര്‍ (40), കുളത്തൂര്‍ നെടുമ്പാല നെല്ലിമല ടി.ആര്‍ വിനീത് (34) എന്നിവരെയാണ് കീഴ്‌വായ്പൂര്‍ എസ്എച്ച്ഓ ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മല്ലപ്പള്ളി-ആനിക്കാട് റൂട്ടില്‍ തീരമല്ലിപ്പടി തേവന്‍കരയിലെ പമ്പ് ഹൗസില്‍ നിന്നാണ് 5 എച്ച്.പി പമ്പ് മോഷ്ടിച്ചത്.
മല്ലപ്പള്ളി മൂശാരിക്കവലയിലുള്ള ആക്രിക്കടയില്‍ ആയിരം രൂപയ്ക്കാണ് പമ്പ് വിറ്റത്. സംശയം തോന്നിയ ആക്രിക്കടക്കാരൻ പമ്പ് പൊളിക്കാതെ വച്ചിരിക്കുകയായിരുന്നു.

പമ്പ് ഹൗസില്‍ രാവിലെ വന്ന് വെള്ളമടിച്ചതിന് ശേഷം മോട്ടോര്‍ ഓഫ് ചെയ്ത് ഓപ്പറേറ്റര്‍ പോവുകയാണ് പതിവ്. ഇതു മനസിലാക്കിയാണ് അനീഷും വിനീതും ഉച്ച സമയത്ത് ചെന്ന് മോഷ്ടിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. ഇന്ന്
രാവിലെ പത്തരയോടെ കസ്റ്റഡിയില്‍ എടുത്ത പ്രതികള്‍ കുറ്റം സമ്മതിച്ചു. മോട്ടോര്‍ വിറ്റ ആക്രിക്കടയിലെത്തി പൊലീസ് തൊണ്ടി തിരികെ വാങ്ങി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Back to top button
error: