KeralaNEWS

പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനം പൂർത്തിയാകുന്നു;ഉതിമൂട് കനാൽ പാലം പഴയപടി

റാന്നി: മലയോര മേഖലയുടെ വികസനത്തിന് വലിയ പ്രതീക്ഷ നൽകുന്ന പുനലൂർ-മൂവാറ്റുപുഴ പാതയുടെ നിർമ്മാണം ഏകദേശം പൂർത്തിയാകുമ്പോഴും വലിയ വാഹനങ്ങൾക്ക് വിലങ്ങുതടിയായി റാന്നി ഉതിമൂട് കനാൽപ്പാലം.പുനലൂർ മുതൽ പൊൻകുന്നം വരെ 82.11 കിലോമീറ്റർ ദൂരത്തിൽ റോഡ് വീതികൂട്ടി വളവുകൾ നിവർത്തി ഡിബിഎം ആൻഡ് ബിസി ടാറിംഗ് നടത്തിയായിരുന്നു റോഡ് വികസനം.എന്നാൽ ഉതിമൂട് പാലത്തിന് കീഴിൽ റോഡ് താക്കുകയോ മേൽപ്പാലം നിർമ്മിക്കുകയോ ചെയ്യാത്തത് റോഡിന്റെ വികസനത്തിലും യാതൊരു പ്രയോജനവും ഇല്ലാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
2019 ആഗസ്​റ്റ്​ 26ന്​ മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നിയിൽ റോഡി​ൻെറ നിർമ്മാണോദ്ഘാടനം നടത്തിയത്.738 കോടി രൂപ ചെലവഴിച്ച് മൂന്ന് റീച്ചുകളായിട്ടായിരുന്നു പണി.ടൗണുകളിൽ നടപ്പാതയും കൈവരികളും, ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ്ബസ്ബേകൾ, സംരക്ഷണഭിത്തി, കോൺക്രീറ്റ് ഓട, ക്രാഷ് ബാരിയർ, സൂചന ബോർഡുകൾ, റോഡ് മാർക്കിങ്​, സൗരോർജ വിളക്കുകൾ, സിഗ്​നൽ സംവിധാനം എന്നിവ ഉൾപ്പെടെയായിരുന്നു റോഡ് നിർമാണം.നിലവിലുള്ള വളവുകളും കയറ്റങ്ങളും ലഘൂകരിച്ചിട്ടുമുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കൂടി കടന്നുപോകുന്നതാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത (എസ്എച്ച് 8).ശബരിമല തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന ഒരു റോഡാണ് ഇത്.പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട(കുമ്പഴ), റാന്നി, പ്ലാച്ചേരി, മണിമല, പൊൻകുന്നം നഗരങ്ങളുടെ വികസനവും റോഡ് നവീകരണത്തോടെ സാധ്യമാകും.എങ്കിലും വലിയ വാഹനങ്ങൾക്ക് റാന്നി-പത്തനംതിട്ട റോഡിൽ ഉതിമൂട് കനാൽ പാലം താണ്ടിയുള്ള യാത്ര ദുഷ്കരം തന്നെയാകും എന്നത് റോഡിന്റെ വികസനത്തെ തന്നെ ചോദ്യം ചെയ്യുന്നു.

Back to top button
error: