KeralaNEWS

കള്ളന് മാനസാന്തരം, മോഷണമുതല് കിട്ടിയപ്പോൾ വീട്ടമ്മയ്ക്ക് മനസലിവ്; ഒടുവിൽ നാട്ടുകാർ കള്ളനെ പൊലീസിൽ ഏല്പിച്ചു

മൂവാറ്റുപുഴ: കഥയല്ല, കാര്യമാണ്. പൊട്ടിച്ചു കൊണ്ടുപോയ സ്വർണമാലയുമായി കുടുംബസമേതം എത്തി മോഷ്ടാവ് മാപ്പപേക്ഷിച്ചപ്പോൾ വീട്ടമ്മയ്ക്ക് മനസ്സലിഞ്ഞു. കണ്ണിൽ മുളകുപൊടി വിതറി മാല കവർന്ന കാര്യമൊക്കെ അവർ മറന്നു. കള്ളന് തിരിച്ചു പോകാൻ 500 രൂപ വണ്ടിക്കൂലിയും നൽകി വീട്ടമ്മ.

മൂവാറ്റുപുഴ രണ്ടാർകരയിൽ മാധവിയുടെ വീട്ടിലാണ് മാല മോഷ്ടിച്ചു കടന്ന ഉടുമ്പന്നൂർ കണിയാപറമ്പിൽ വിഷ്ണുപ്രസാദ് (29) ഭാര്യയെയും 2 കുഞ്ഞുങ്ങളെയും കൂട്ടി എത്തി മാപ്പപേക്ഷിച്ച ശേഷം മാല തിരികെ നൽകിയത്.

”കുഞ്ഞുങ്ങൾക്കു മരുന്നു വാങ്ങാൻ വേറൊരു മാർഗവും കാണാഞ്ഞിട്ടാ ചേട്ടൻ ഇങ്ങനൊരു കടുംകൈ ചെയ്തത്. ചേച്ചി ക്ഷമിക്കണം”
ഭർത്താവ് മോഷ്ടിച്ച മാല തിരികെ നൽകി കൊണ്ട് ഭാര്യ അപേക്ഷിച്ചു.

പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ മുഖം കൂടി കണ്ടതോടെ മാധവിക്ക് കുടുംബത്തോട് അനുകമ്പയായി. കുട്ടികൾക്കു ഭക്ഷണം കഴിക്കാനും തിരികെ യാത്രച്ചെലവിനുമായി 500 രൂപ മാധവി നൽകി.

എന്നാൽ പൊലീസിനെ അറിയിക്കാതിരിക്കാൻ കഴിയില്ലെന്ന നിലപാടുമായി ബന്ധുക്കളും അയൽക്കാരും രംഗത്തു വന്നു.
എങ്കിലും വിഷ്ണുപ്രസാദിന്റെ ഭാര്യയെയും കുട്ടികളെയും സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ വാഹനം അവർ ഏർപ്പാടാക്കി. പിന്നാലെ പൊലീസ് എത്തി വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തു.

രണ്ടാർകരയിൽ വീടിനോടു ചേർന്ന് പലചരക്കു കട നടത്തുന്ന മാധവിയുടെ കടയിൽ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വിഷ്ണുപ്രസാദ് എത്തിയത്. മാധവിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞിട്ട് ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത ഇയാൾ ബൈക്കിൽ കടന്നു കളയാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ മാധവിയുമായി നടന്ന ബലപ്രയോഗത്തിനിടെ താഴെ വീണ മൊബൈൽ ഫോൺ ഉപേക്ഷിച്ചാണ് കളളൻ രക്ഷപെട്ടത്.

മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവ് വിഷ്ണു പ്രസാദ് ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു. പക്ഷേ മോഷണം നടന്ന അന്നു തന്നെ കുടുംബസമേതം തീർഥയാത്രയ്ക്ക് എന്ന വ്യാജേന ഇയാൾ തമിഴ്നാട്ടിലേക്കു കടന്നു. ഇയാളെ അന്വേഷിച്ച് പൊലീസ് ഉടുമ്പന്നൂരിലുള്ള വീട്ടിലും വാഗമണ്ണിലുള്ള ഭാര്യവീട്ടിലും എത്തി. കുടുങ്ങി എന്നുറപ്പായതോടെയാണ് ഇയാൾ മാലയുമായി എത്തിയതെന്നു കരുതുന്നു.

പാചക വാതക സിലിണ്ടർ മോഷ്ടിച്ചതിന് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ വിഷ്ണു പ്രസാദിന് എതിരെ കേസുണ്ട്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായതുകൊണ്ടാണ് മോഷണം നടത്തിയെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.

Back to top button
error: