കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘങ്ങളുടെ ഗുണ്ടാവിളയാട്ടം
തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിൽ കസ്റ്റംസിനെ വെട്ടിച്ച് ഒരു കിലോ സ്വർണമിശ്രിതവുമായി കരിപ്പൂർ വിമാനത്താവളത്തിനു പുറത്തെത്തുന്നു. സ്വർണം റാഞ്ചാൻ വേണ്ടി വെളിയിൽ കാത്ത് നിന്ന സംഘം ഷക്കീബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു. ഗുണ്ടാസംഘങ്ങൾ സ്വർണത്തിന് വേണ്ടി തമ്മിലടിച്ചപ്പോൾ പൊലീസ് രംഗത്തെത്തി
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണകള്ളക്കടത്തുകാരനും സ്വർണം കവർച്ച ചെയ്യാനെത്തിയ ഗുണ്ടാ സംഘവും പൊരിഞ്ഞപോരാട്ടം. ഒടുവിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണ മിശ്രിതം പോലീസ് പിടികൂടി. സ്വർണക്കടത്തുകാരനും കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ രണ്ട് പേരും പോലീസ് പിടിയിലായി.
തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയിൽ നിന്ന് സ്വർണം കടത്തിയത്. ഷക്കീബിനേയും കള്ളക്കടത്ത് സ്വർണം തട്ടിക്കൊണ്ട് പോകാൻ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളേയും പോലീസ് കസ്റ്റഡിയിലെടുത്തു.
അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലാണ് തിരൂർ സ്വദേശി ഷക്കീബ് സ്വർണം കടത്തിയത്. ഇയാൾ വിമാനമിറങ്ങി പുറത്ത് വന്നതിന് ശേഷം പാർക്കിങ് ഏരിയയിലേക്ക് വാഹനം കയറാൻ പോകുന്നതിനിടെ ആറോളം പേർ ഷക്കീബിനെ വളഞ്ഞു. പിടിവലിയായി പരസ്പരം അടിയായി. ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനം കനത്തതോടെ ഇത് കണ്ട, പുറത്തുണ്ടായിരുന്ന പോലീസ് ഇടപെടുകയായിരുന്നു. തുടർന്നാണ് ഇവരിൽ നിന്ന് സ്വർണം പിടികൂടിയത്. ഇതിനിടെ നാല് പേർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
പിടിയിലായ മൂന്ന് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. രാമനാട്ടുകര സ്വർണകവർച്ചയ്ക്ക് ശേഷം സ്വർണം കൊള്ളയടിക്കുന്നവരെ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നിരവധി പേർ തുടർന്ന് പിടിയിലാവുകയും ചെയ്തു. ഇന്നലെ മുതൽ കരിപ്പൂർ ഇന്റർനാഷണൽ ടെർമിനലിൽ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചിട്ടുണ്ട്.