സിപിഐഎം തിരുവനന്തപുരം ജില്ല കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണി. മുന്‍ എം.പി എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. 46 അംഗ കമ്മിറ്റിയെയാണ് പാറശ്ശാലയില്‍ നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് അടക്കം 9 പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. തിരുവനന്തപുരം മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വികെ പ്രശാന്തും ജില്ലാ കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടില്ല. പിരപ്പന്‍കോട് മുരളിയെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. മുന്‍ എംപി എ സമ്പത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്ത് പോവുന്നത്.
എ. സമ്പത്തിന് പുറമെ ഡബ്ല്യു.ആർ ഹീബ, വി ശിവൻകുട്ടി, ചെറ്റച്ചൽ സഹദേവൻ, ജി രാജൻ, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ, പട്ടം വാമദേവൻ നായർ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. അതേസമയം, അടുത്തിടെ ദത്ത് വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. എസ് എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി എം വിനീഷ്, യുവ നേതാക്കളായ കെപി പ്രമോഷ്, എസ് ദീപക്, വി അമ്പിളി എന്നിവരും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ ഇത്തവണയും തുടരും.