രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളേക്കാൾ 15.8 ശതമാനം കൂടുതലാണ് ഇന്നത്തേത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനമാണ്.
രാജ്യത്തെ ശരാശരി മരണസംഖ്യയിൽ 70 ശതമാനം വർധനവും രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 442 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,84,655 ആയി ഉയർന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അർധസൈനിക വിഭാഗങ്ങളിലെ 4,500 അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 481 റസിഡന്റ് ഡോക്ടർമാർക്കും രോഗം ബാധിച്ചു. പുതിയതായി 4,868 ഒമിക്രോൺ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.