പണ്ട് അഞ്ചും പത്തും രൂപ കൊടുത്താൽ നാട്ടിൻപുറങ്ങളിൽനിന്ന് വലിയ ചക്കകൾ കിട്ടുമായിരുന്നു.ഒരു കിലോ ചക്കയിൽനിന്ന് രണ്ടു മുതൽ അഞ്ചുവരെ കിലോ കുരുവും കിട്ടുമായിരുന്നു.പക്ഷെ ഓൺലൈൻ വിപണിയിൽ ചക്കക്കുരു അന്നും വെറും കുരുവല്ലായിരുന്നു ആമസോണിന്റെ സൈറ്റിൽ കേരളത്തിൽനിന്നുള്ള ‘ഫ്രഷാ’യ ചക്കക്കുരുവിന് 300 ഗ്രാമിന് 299 രൂപയാണ് ‘ഇന്ത്യയിലെ’ വില.രാജ്യം കടന്നാൽ വിലയുടെ കഥമാറും! കടൽ കടന്നാൽ പിന്നെ കടം പറച്ചിലില്ലല്ലോ.അതിനാൽ നമ്മുടെ സ്വന്തം ‘ലുലു’ ഹൈപ്പർ മാർക്കറ്റുകളിൽ പോലും കിലോയ്ക്ക് 3500 രൂപയാണ് വില.
ചക്കക്കെന്തൊരു ചന്തമാണ് ഇന്ന്. തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയ്ക്കും ഔദ്യോഗിക പദവി ലഭിച്ചതോടെയാണ് ചക്കയുടെയും ‘ഗ്രഹണി’ മാറിയത്.ഈ സീസണിൽ മഴ നിർത്താതെ കൊട്ടിപ്പാടുകയും ചെയ്തതോടെ ചക്ക ഇപ്പോൾ പണ്ടത്തെ ചക്കയും അല്ല.അത് വേറെ ലെവലാണ് ഇന്ന്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിന്റെ പഴങ്ങളിൽ പാഴ് വസ്തുവായിരുന്ന ചക്ക ഇപ്പോൾ പറമ്പുകളിൽ നിന്നും ഔദ്യോഗിക പദവിലേക്ക് ഉയർന്ന് പഴവർഗങ്ങൾക്കിടയിലെ താരമായി മാറിയിരിക്കുകയാണ്.കാരണം എങ്ങും ലഭിക്കാനില്ല എന്നതുതന്നെ!
ചക്ക വെറും ‘പഴം-പച്ചക്കറി’ മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഒരു ഔഷധവും കൂടിയാണ്.ചക്കയിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, റൈബോഫ് ഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, നാരുകളും അടങ്ങിയിട്ടുണ്ട് .ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് ചക്ക.ബി.പി കുറയ്ക്കാനും വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹം ശരിയായ രീതിയിലാക്കാനും ചക്ക സഹായിക്കുന്നു. ആസ്ത്മ, തൈറോയ്ഡ് രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ് ഇത്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും, ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മൾബറി കുടുംബത്തിൽപ്പെട്ട ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്.
കൂഴ, വരിക്ക, എന്നീ വിഭാഗത്തിലുള്ള ചക്കകളാണ് കേരളത്തിൽ കൂടതലുള്ളത്. വിഷമയം തീരെയില്ലാത്ത പഴം-പച്ചക്കറി ഏതെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ തന്നെ പറയാവുന്ന ഒന്നാണ് ചക്ക.വീട്ടുമുറ്റത്തും പറമ്പുകളിലും കാര്യമായ വെള്ളമോ വളമോ മരുന്നോ നൽകാതെ നല്ല വിളകിട്ടുന്ന ജൈവ ഫലവുമാണ് ചക്ക.ഉഷ്ണമേഖല കാലാവസ്ഥയിലും മിതോഷ്ണമേഖല കാലാവസ്ഥയിലും നല്ല രീതിയിൽ വളരുന്ന ഒരു വൃക്ഷവുമാണ് പ്ലാവ്.മരങ്ങളിൽ ഉണ്ടാകുന്ന പഴങ്ങളിൽ ഏറ്റവും വമ്പനാണ് ചക്ക. ഒരു ഫലത്തിൽ 100 മുതൽ 500 വരെ ചുളയും ചക്കക്കുരുവും ഉണ്ടാകും.60 മുതൽ 100 രൂപ വരെയാണ് ഇപ്പോൾ നാട്ടിൽ ചക്കയ്ക്ക് വില.ഗൾഫ് രാഷ്ട്രങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ വില 5000 ലും മുകളിലും !