NEWS

പ്യൂണില്‍ നിന്നും കോടീശ്വരനായി മാറിയ ബല്‍വന്ത് പരേഖിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു പശയായിരുന്നു-ഫെവിക്കോൾ

രു കാലത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ ടീവിയില്‍  ലൈവ് കാണുമ്പോള്‍  അതിലെ സ്ഥിരം സാന്നിധ്യമായിരുന്നു  ഫെവികോള്‍ എന്ന ബ്രാന്റിന്റെ പരസ്യം.ഫെവിക്കോൾ തേച്ച തടിക്കഷണവുമായി മീൻ പിടിക്കുന്ന ആ പരസ്യം ജനകോടികളെ ആകർഷിച്ച ഒന്നായിരുന്നു. ജനപ്രീതിയിൽ മാത്രമല്ല, ആശാരിമാരുടെ പണിസഞ്ചിയിലെ സ്ഥിരം സാന്നിധ്യവുമാണ് ഇന്ന് ഫെവിക്കോൾ.
പക്ഷെ ഫെവിക്കോള്‍ എന്ന ബ്രാന്‍ഡ് നമുക്ക് സമ്മാനിച്ച ഫെവിക്കോള്‍ മാന്‍ ബല്‍വന്ത് പരേഖിന്റെ ജീവിതം ആരും അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്.മുംബയിലെ ഒരു മരത്തടി വില്‍പ്പന കേന്ദ്രത്തില്‍ പ്യൂണായി ജിവിതം കഴിച്ചുകൂട്ടാതെ തന്റെ താരതമ്യേന ചെറിയ പശ്ചാത്തലത്തില്‍ നിന്നും വളര്‍ന്ന് ഇന്ത്യ അറിയുന്ന ഒരു  സമ്പന്നനായ വ്യവസായിയായി മാറിയ  ബല്‍വന്ത് പരേഖ് എന്ന ഗുജറാത്തിയുടെ ജീവിതം ആര്‍ക്കും പ്രചോദനം തന്നെയാണ്.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യകാല സംരഭകരിൽ  ഒരാളാണ് ബല്‍വന്ത് പരേഖ്. ഗുജറാത്തിലെ ഭാവ്നഗറിലെ മഹുവ എന്ന ചെറുപട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. യാതൊരു  ബിസിനസ് പാരമ്ബര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മുംബൈയിലെ ഗവണ്‍മെന്റ് ലോ കോളേജില്‍ നിയമപഠനത്തിന് ചേര്‍ന്ന അദ്ദേഹം ഇടയ്ക്കു വച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു.ഈ സമയത്താണ് അദ്ദേഹം വിവാഹം കഴിക്കുന്നതും.അതോടെ കുടുംബ പ്രാരാബ്ധങ്ങളായി.തുടർന്ന്  അടുത്തുള്ള ഒരു ഡൈയിംഗ് ആന്‍ഡ് പ്രിന്റിംഗ് പ്രസില്‍ ജോലിക്ക് കയറി.അത് അധികകാലം തുടർന്നില്ല. പിന്നീടാണ് ഒരു മരക്കച്ചവട സ്ഥാപനത്തില്‍ പ്യൂണായി ജോലിക്ക് കയറുന്നത്.
 1954ല്‍ ബല്‍വന്ത് പരേഖ് മുംബയിലുള്ള ജേക്കബ് സര്‍ക്കിളില്‍ പരേഖ് ഡൈചെം ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് ഒരു ഷോപ്പ് തുടങ്ങി. പിന്നീട് സഹോദരന്‍ സുശീല്‍ പരേഖിനൊപ്പം ടെക്സ്‌റ്റൈല്‍ പ്രിന്റിംഗിന് ഉപയോഗിക്കുന്ന പിഗ്മെന്റ് എമല്‍ഷനുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ഇത് 1959 ഓടെ ഒരു കെമിക്കല്‍ കമ്പനിയായി വളര്‍ന്നു. ആദ്യകാലത്ത് പേരില്ലാത്ത ഉല്പന്നമായിരുന്നു ഇവിടെ നിര്‍മ്മിച്ചിരുന്നത്.പിന്നീട് ഫെവിക്കോൾ എന്ന പേര് സ്വീകരിച്ചു.
 അധികം വൈകാതെ തന്നെ ഫെവിക്കോള്‍ എന്ന പശ ആശാരിമാരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു  ഉത്പന്നമായി മാറി. ഫെവികോള്‍ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഈ മേഖലയില്‍ തങ്ങളുടെ  മേൽക്കോയ്മ സ്ഥപിച്ചെടുത്തത് വളരെ വേഗത്തില്‍ ആയിരുന്നു. ഇതേ കമ്പനിയില്‍ നിന്നും ഇറങ്ങിയ ഫെവിക്വിക്ക്, എംസീല്‍ എന്നിവയും വലിയ വിജയമായി മാറി. ഈ വിപണിയുടെ 70 ശതമാനവും പിഡിലൈറ്റ് അങ്ങനെ സ്വന്തമാക്കി.
2006 മുതല്‍ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അമേരിക്ക, തായ്ലന്‍ഡ്, ദുബായ്, ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ഫാക്ടറികള്‍ തുടങ്ങി. കൂടാതെ പിഡിലൈറ്റ് സിംഗപ്പൂരില്‍ ഒരു ഗവേഷണ കേന്ദ്രവും ആരംഭിച്ചു. 90കളില്‍ ടിവി സ്‌ക്രീനില്‍ വലിയ ഹിറ്റ് ആയ പരസ്യങ്ങളാണ് കമ്ബനിയുടെ പെട്ടെന്നുള്ള
വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.2013 ല്‍ തന്‍റെ 88ാം വയസിലാണ് ബല്‍വന്ത് പരേഖ് മരണപ്പെടുന്നത്. അപ്പോള്‍ കമ്പനിക്ക് 1.36 ബില്യണ്‍ ഡോളറിന്റെ ആസ്തി ഉണ്ടായിരുന്നു.

Back to top button
error: