NEWS

മുഖ്യമന്ത്രി സമ്മതം മൂളി, എം ശിവശങ്കർ മടങ്ങി വരുന്നു

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ഈ കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാൻ ചീഫ് സെക്രട്ടറി നൽകിയ കത്തിന് മറുപടി പോലും നൽകിയില്ല കസ്റ്റംസ്. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ല. മറ്റ് കേസുകളൊന്നും നിലവിലില്ല. ഒടുവിൽ ഒരു വർഷത്തിനും അഞ്ചു മാസത്തിനും ശേഷം ശിവശങ്കർ സർവീസിൽ തിരികെയെത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി ഫയലിൽ ഒപ്പുവച്ചു.
ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
തസ്തിക സംബന്ധിച്ചു തീരുമാനം പിന്നീടായിരിക്കും. ഒരു വർഷത്തിനും അഞ്ചു മാസത്തിനും ശേഷമാണു ശിവശങ്കർ സർവീസിൽ തിരികെയെത്തുന്നത്.
സസ്പെൻഷൻ കാലാവധി തീർന്ന ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.

സ്വർണക്കടത്തുകേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.
ആദ്യ സസ്പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15 നാണ് അവസാനിച്ചത്. ഇതിനു മുമ്പായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്പെൻഷൻ 6 മാസത്തേക്കു കൂടി നീട്ടി. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടതു സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് 2020 ജൂലൈ 16ന് ഒരു വർഷത്തേക്കു സസ്പെന്‍ഡ് ചെയ്തത്.

ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ടത് കണക്കിലെടുത്താണ് കഴിഞ്ഞ വർഷം സസ്‌പെൻഷൻ കാലാവധി നീട്ടിയത്.

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ഈ കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാൻ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ മാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കണം എന്നായിരുന്നു കത്ത്. പക്ഷെ കസ്റ്റംസ് വിവരങ്ങള്‍ അറിയിച്ചില്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും  ഒന്നര വർ‍ഷമായി സസ്പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ല എന്നുമായിരുന്നു സമിതിയുടെ ശുപാർശ.

Back to top button
error: