NEWS

പോക്‌സോ കേസുകളിൽ ഇരകളായ നാലു പെണ്‍കുട്ടികളെ കാണാതായി, കാണാതായത് 13 മുതല്‍ 17 വയസ് വരെയുള്ള പെൺകുട്ടികള്‍

പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്ന് നാലു പെണ്‍കുട്ടികളെ കാണാതായത് ഇന്നലെ വൈകുന്നേരമാണ്. കോട്ടയം ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിളെ വിവിധ പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളാണ് ഈ നാലുപേരും

കോ ട്ടയം: പോക്‌സോ കേസിൽ കുടുങ്ങിയ നാലു പെണ്‍കുട്ടികളെ കോട്ടയത്തിനടുത്ത് മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ഇന്നലെ കാണാതായി.13 വയസുള്ള രണ്ടു പെണ്‍കുട്ടിളും 14 വയസുള്ള ഒരു പെണ്‍കുട്ടിയും ഒരു പതിനേഴുകാരിയുമാണ് സംരക്ഷണ കേന്ദ്രത്തില്‍ നിന്നും അപ്രത്യക്ഷയായത്.

പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്നതിനായി ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തിലാണ് കോട്ടയം മാങ്ങാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
ഇന്നലെ (തിങ്കൾ) വൈകുന്നേരത്തോടെയാണ് ഇവിടെ നിന്ന് നാലു പെണ്‍കുട്ടികളെ കാണാതായത്.
കോട്ടയം ജില്ലയിലെ മുണ്ടക്കയം, ഏറ്റുമാനൂര്‍, മണര്‍കാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളില്‍ വിവിധ പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളാണ് ഈ നാലുപേരും. ഇതില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു 13 വയസു മാത്രമാണ് പ്രായം.
പെൺകുട്ടികളെ കാണാതായതിനെക്കുറിച്ച് കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു.
പെണ്‍കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പെണ്‍കുട്ടികളുടെ ചിത്രവും വീഡിയോയും അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Back to top button
error: