IndiaNEWS

നാഗ്പൂർ എന്ന ഓറഞ്ചിന്റെ നാട്

നാഗ്പൂർ…മഹാരാഷ്ട്രയിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ നാഗ്പൂർ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ കയറിയിട്ട് അധികം നാളായില്ല.ചരിത്രസ്മാരകങ്ങൾ കൊണ്ടും ഭൂപ്രകൃതികൊണ്ടും ഒക്കെ സഞ്ചാരികളെ ആകർഷിക്കുന്ന നാഗ്പൂർ മഹാരാഷ്ട്രക്കാരുടെ ഇന്നത്തെ പ്രിയപ്പെട്ട വീക്കെൻഡ് ഡെസ്റ്റിനേഷൻ കൂടിയാണ്.പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു കൂട്ടം വിസ്മയങ്ങളാൽ ചുറ്റപ്പെട്ട നാടാണ് നാഗ്പൂർ.തടാകങ്ങളും വെള്ളച്ചാട്ടങ്ങളും വന്യജീവി സങ്കേതങ്ങളും ഒക്കെയായി എപ്പോൾ വന്നാലും അടിച്ചു പൊളിക്കുവാൻ പറ്റിയ ഒരു ഇടം.എന്നാൽ ഇതിനുമപ്പുറം നാഗ്പൂരിനെ പ്രിയപ്പെട്ടതാക്കുന്നത് ഇവിടുത്തെ ഓറഞ്ച് കൃഷി തന്നെയാണ്.
ഇന്ത്യയിലെ ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാടാണ് നാഗ്പൂർ. നമ്മുടെ രാജ്യത്ത് ഏറ്റവുമധികം  ഓറഞ്ച് കൃഷി ചെയ്യുകയും കയറ്റി അയക്കുകയും ചെയ്യുന്ന നാട്. ഹെക്ടറുകളോളം സ്ഥലത്ത് കൃഷി ചെയ്യുന്ന ഓറഞ്ച് തോട്ടങ്ങൾ ഈ നാടിന്റെ പ്രത്യേകതയും മധുരിക്കുന്ന കാഴ്ചകളുമാണ്.
നവയാന ബുദ്ധിസത്തിന്റെ ഏറ്റവും പുണ്യഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് നാഗ്പൂരിലെ ദീക്ഷാഭൂമി. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ഇടം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും വലിയ ഹോളോ ബുദ്ധ സ്തൂപം കൂടിയാണ് ഇത്.ഒന്നിലധികം കടുവ സംരക്ഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും കാടുകയറ്റക്കാരുടെയും പ്രിയപ്പെട്ട ഇടമായി നാഗ്പൂർ മാറുന്നു.
 ഇന്ത്യയിലെ ആദ്യത്തെ തുണി മില്ല് സ്ഥാപിക്കപ്പെട്ട സ്ഥലം നാഗ്പൂരാണ്. 19-ാം നൂറ്റാണ്ടിൽ ജംഷഡ്ജി ടാറ്റയാണ് ഇവിടെ തുണി മിൽ നിർമ്മിക്കുന്നത്. സെൻട്രൽ ഇന്ത്യ സ്പിറ്റിങ്ങ് അൻഡ് വീവിങ്ങ് കംപനി എന്നറിയപ്പെടുന്ന ഇത് 1877 ലാണ് സ്ഥാപിതമാകുന്നത്. എംപ്രസ് മിൽ എന്നും ഇതിനു പേരുണ്ട്.നാഗ്പൂരിന്റെ പേരിനോട് ചേർത്ത് ആരും വായിക്കാൻ സാധ്യതയില്ലാത്ത ഒരു വിശേഷണവുമുണ്ട് . മുംബൈയെക്കാളും സാക്ഷരതാ നിരക്കിൽ മുന്നിൽ നിൽക്കുന്ന ഇടമാണ് നാഗ്പൂർ. നഗരങ്ങളിൽ മാത്രമല്ല, ഇവിടുത്തെ തീരെ ചെറിയ ഗ്രാമങ്ങളിൽ പോലും അതിന്റെ മാറ്റം കാണാം.

Back to top button
error: