ലഡാക്കിൽ നിന്ന് 214 കിലോമീറ്റർ അകലെയായി ശ്യോക്ക് നദിയുടെ കരയിലാണ് തുർത്തുക്ക് എന്ന ചെറിയ ഗ്രാമം.1971 വരെ ഈ ഗ്രാമം മുസാഫറാബാദ് തലസ്ഥാനമാക്കി ഭരിക്കുന്ന പാക്ക് അധിനിവേശ കാശ്മീരിന്റെ ഭാഗമായിരുന്നു.1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ തുർത്തുക്ക് അടക്കം 5 ഗ്രാമങ്ങളാണ് ഇന്ത്യ പാക്കിസ്ഥാനിൽ നിന്നും പിടിച്ചടക്കിയത്. 2010 മുതൽ തുർത്തുക്ക് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.
ശരിക്കും തുർത്തുക്ക് അല്ല ഇന്ത്യയുടെ വടക്കേയറ്റത്തെ ഗ്രാമം, അത് ത്യാഗ്ഷിയാണ്. പക്ഷേ അവിടേക്ക് ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ലെന്ന് മാത്രം. തുർത്തുക്കിലേക്ക് പോകുന്ന വഴിയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹന പ്രവേശന യോഗ്യമായ റോഡ് എന്നറിയപ്പെടുന്ന ഖാർതുങ്ലാ ചുരം ഉള്ളത്.
വെറും 150 വീടുകൾ മാത്രമുള്ള ചെറിയൊരു ഗ്രാമമാണ് തുർത്തുക്ക്. ആപ്രിക്കോട്ടും ആപ്പിളുമാണ് മുഖ്യ കൃഷി..ഇന്ത്യയിൽ ആകെ ബാൾട്ടി ഭാഷ സംസാരിക്കുന്നത് ഈ
ഗ്രാമങ്ങളിലാണ്.പിന്നെ ബാൾട്ടി സംസാരിക്കുന്നവർ അങ്ങ് പാക്കിസ്ഥാനിൽ ആണുള്ളത്.
രണ്ട് ചെറിയ ഗ്രാമങ്ങൾ ചേർന്നതാണ്, തുർത്തുക്ക്. ഫറോളും തുർത്തുക്ക് യൂളും. ഈ രണ്ട് ചെറിയ ഗ്രാമത്തിന്റെ ഇടയിലൂടെ ഒരു നീരുറവ ഒഴുകി പോകുന്നുണ്ട്.അവയെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മരംകൊണ്ടുള്ളൊരു തൂക്കു പാലമുണ്ട്. വൈകുന്നേരം തൂക്കുപാലത്തിന്റെ അടുത്ത് പോയിരുന്നാൽ ആപ്രിക്കോട്ട് പഴങ്ങൾ കൊട്ടയിലാക്കി വരുന്ന സ്ത്രീകളെയും, വൈക്കോൽ തോളിൽ കെട്ടി നടന്നു വരുന്ന പുരുഷന്മാരെയും കാണാം.
തുർത്തുക്ക് ഫറോളിൽ ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്ററിയുണ്ട്. അവിടെനിന്നും നോക്കിയാൽ ആ ഗ്രാമത്തിന്റെ മുഴുവനായ ദൃശ്യവും ശ്യോക്ക് നദിയുടെ ഭീകരതയും കാണാം.അവിടെനിന്നും കുറച്ചു മാറിയൊരു മല കയറിയാൽ ചെറിയൊരു വെള്ളച്ചാട്ടമുണ്ട്.അതു കാണാൻ കുറച്ച് ദുർഘടമായ മല കയറണമെന്ന് മാത്രം. ആ ഗ്രാമത്തിലൂടെ എവിടെപ്പോയാലും വഴിയിലെല്ലാം ആപ്രിക്കോട്ട് പഴുത്തു നിൽക്കുന്നത് കാണാം.
നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നവർക്ക് പറ്റിയൊരു സ്ഥലമാണ് ഇത്.ആകാശം മേഘാവൃതമല്ലെങ്കിൽ പല നക്ഷത്ര പ്രതിഭാസങ്ങളും രാത്രി നമുക്ക് അ
ഇവിടെ ദർശിക്കാൻ കഴിയും. ഗ്രാമത്തിൽ വെറും നാലു മണിക്കൂർ മാത്രമേ വൈദ്യുതിയുള്ളൂ, രാത്രി 7 മണിമുതൽ 11 മണിവരെ മാത്രം.അപ്പോൾ ഇന്റർനെറ്റിന്റെ കാര്യം പറയുകയും വേണ്ടല്ലോ. ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് മൊബൈൽ കണക്ഷൻ മാത്രമേ അവിടെ ഉപയോഗത്തിലുള്ളൂ.ലേ ടൗണിൽ നമുക്ക് എയർടെൽ, എയർസെൽ എന്നിവയുടെ പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉപയോഗിക്കാം.
തുർത്തുക്ക് സന്ദർശിച്ചു മടങ്ങുന്നവർക്ക് ലഡാക്കിലെ
നുബ്രാ താഴ്വരയും, ത്രീ ഇഡിയറ്റ് സിനിമയുടെ അവസാനരംഗം ചിത്രീകരിച്ച പാങ്കോങ് ടിസോ തടാകവും ഉൾപ്പടെ ധാരാളം കാഴ്ചകൾ ഉണ്ട്.പക്ഷെ ലേ ടൗണിന്റെ തിരക്കൊന്നും തുർത്തുക്കിൽ ഇല്ലാത്തതിനാൽ വിദേശ സഞ്ചാരികൾ ഏറെയും ഇവിടേക്കാണ് വരുന്നത്.