ഉറുമ്പു’കളുമായി രണ്ട് മിടുക്കികൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക്
സംസ്ഥാനതല മത്സരത്തിൽ അവതരിപ്പിക്കപ്പെട്ട 90 ഓളം പ്രൊജക്ടുകളിൽ നിന്നും മൂന്നാം സ്ഥാനം കരസ്തമാക്കിയാണ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ആദിത്യയും വിഷ്ണുപ്രിയയും ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഇരുവരും ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്
കൽപ്പറ്റ: അതിരാറ്റുകുന്ന് ഗവ.എച്ച്.എസിലെ രണ്ട് മിടുക്കികൾ ഉറുമ്പുകളുമായി ദേശീയ തലത്തിലേക്ക്. 29 മത് ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേയ്ക്ക് കേരളത്തെ പ്രതിനിധീകരിച്ച് വയനാട്ടിലെ അതിരാറ്റുകുന്ന് ഗവൺമെൻറ് സ്കൂളിലെ രണ്ട് വിദ്യാർഥിനികൾ പങ്കെടുക്കും.
സംസ്ഥാനതല മത്സരത്തിൽ അവതരിപ്പിക്കപ്പെട്ട 90 ഓളം പ്രൊജക്ടുകളിൽ നിന്നും മൂന്നാം സ്ഥാനം കരസ്തമാക്കിയാണ് അതിരാറ്റുകുന്ന് ജി.എച്ച്.എസിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ആദിത്യ ബിജുവും വിഷ്ണുപ്രിയ പി എസും ഈ നേട്ടം കൈവരിച്ചത്.
‘കാപ്പിത്തോട്ടത്തിലെ ജൈവവൈവിധ്യം, ഉറുമ്പുകളിലൂടെ’ എന്ന വിഷയത്തിലാണ് ഇവർ പ്രൊജക്റ്റ് അവതരിപ്പിച്ചത്.
ഇരുവരും ആദ്യമായാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്. കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ ഹ്യൂം സെൻ്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ സയൻസ് കോർഡിനേറ്റർമാരായ ദിവ്യ മനോജ് ,ആതിര സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത് . ഉറുമ്പുകളുടെ വൈവിധ്യം സൂചകമായി എടുത്തുകൊണ്ട് കാപ്പിത്തോട്ടത്തിലും റബ്ബർത്തോട്ടത്തിലുമായി നടത്തിയ താരതമ്യ പഠനമാണ് വിദ്യാർത്ഥികളെ ദേശീയ തലത്തിലേക്ക് എത്തിച്ചത്.
ഒരു ആവാസവ്യവസ്ഥ എന്ന നിലയിൽ ഉറുമ്പുകളുടെ വൈവിധ്യം നിലനിർത്തുന്നതിലും അനുബന്ധ സസ്യ-ജന്തുവൈവിധ്യം നിലനിർത്തുന്നതിലും റബ്ബർതോട്ടങ്ങളെ അപേക്ഷിച്ച് കാപ്പിത്തോട്ടങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഒരു പ്രദേശത്തെ ജൈവസമ്പന്നതയുടെ അടയാളപ്പെടുത്തലാണ് ഉറുമ്പുകൾ എന്നുമാണ് ആദിത്യയും വിഷ്ണുപ്രിയയും ഈ പഠനത്തിലൂടെ കണ്ടെത്തിയത്.