മിന്നല്‍ മുരളി അടക്കമുള്ള ചിത്രങ്ങള്‍ ഈ മാസം ഒടിടി റിലീസിന് ഒരുങ്ങവെ ഒടിടി ഭീമനായ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ തങ്ങളുടെ നിരക്കുകള്‍ കുത്തനെ കുറച്ചു. 199 രൂപയുടെ ‘നെറ്റ്ഫ്‌ളിക്‌സ് മൊബൈല്‍’ പ്ലാന്‍ 25 ശതമാനം നിരക്ക് കുറച്ച് 149 രൂപയിലെത്തി. 499 രൂപയുടെ നെറ്റ്ഫ്‌ളിക്സ് ബേസിക് പ്ലാന്‍ 60 ശതമാനമാണ് കുറവ് വന്നത്. മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, കംപ്യൂട്ടര്‍, ടി.വി എന്നിവയിലുടനീളം കാണാവുന്ന പ്ലാനാണ് ബേസിക് പ്ലാന്‍. ഇനി മുതല്‍ ഈ പ്‌ളാന്‍ 199 രൂപക്ക് ലഭ്യമാകും.
649 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് സ്റ്റാന്‍ഡേര്‍ഡ് 499 രൂപയായും കുറച്ചു, നാല് തരം ഡിവൈസുകളില്‍ കാണാന്‍ സാധിക്കുന്നതും മികച്ച വീഡിയോ നിലവാരവും 1080 പിക്‌സല്‍ റെസല്യൂഷനും ഉള്ളതുമാണ് സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍.
ഈ അക്കൗണ്ട് ഒരേസമയം രണ്ട് പേര്‍ക്ക് ഉപയോഗിക്കാം. കൂടാതെ 799 രൂപയുടെ പ്രീമിയം പ്ലാന്‍ 649 രൂപയായും നിരക്ക് പരിഷ്‌കരിച്ചു. ഇതില്‍ ഒരേസമയം 4 പേര്‍ക്ക് അക്കൗണ്ട് ഉപയോഗിച്ച് പരിപാടികള്‍ ആസ്വദിക്കാം.
ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മറ്റു ഒടിടി ദാദാക്കള്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയ സമയത്താണ് നെറ്റ്ഫ്‌ളിക്‌സിന്റെ ആശ്വാസകരമായ ഈ നീക്കം. നിലവില്‍ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുള്ളവര്‍ക്ക് ഇന്ന് തന്നെ പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാം. അടുത്ത തവണ ലോഗിന്‍ ചെയ്യുമ്പോള്‍ വരിക്കാര്‍ക്ക് പുതിയ നിരക്കുകളുടെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് ലഭിക്കും. നിലവിലെ പ്ലാന്‍ അപ്ഗ്രേഡ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റൊരു പ്ലാന്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം.
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മിന്നല്‍ മുരളി ഡിസംബര്‍ 24ന് റിലീസ് ചെയ്യും. കൂടാതെ കുറുപ്പ്, കാവല്‍ തുടങ്ങിയ തീയേറ്റര്‍ റിലീസ് ചിത്രങ്ങള്‍ ഈ മാസം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യും.നിലവിലെ നിരക്കുകളുടെ പരിഷ്‌കരണം കൂടുതല്‍ പ്രേക്ഷകരെ നെറ്റ് ഫ്‌ളിക്‌സിന് നേടിക്കൊടുക്കും എന്നാണ് കണക്കാക്കുന്നത്.