KeralaNEWS

കുതിരാനിലെ കുരുക്കഴിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ തുരങ്കത്തിലെ ഗതാഗത നിയന്ത്രണം മൂലം ഇന്നും കനത്ത ബ്ലോക്ക്.അതേസമയം കുരുക്കിന് പരിഹാരം കാണാൻ ഈ മാസം 16-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗംചേരും. മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം.
 കുരുക്കൊഴിവാക്കാൻ പോലീസ് കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും വൈകുന്നേരങ്ങളിൽ കുരുക്ക് തുടരുകയാണ്. ഇടതുതുരങ്കത്തിലൂടെ ഇരുദിശയിലേക്കും ഗതാഗതം തുടങ്ങിയ നവംബർ 25 മുതൽ എല്ലാ ദിവസവും വൈകുന്നേരം ആറുമുതൽ പത്തുവരെ ഇവിടെ കുരുക്കാണ്.ശനിയാഴ്ചകളിൽ ഇത് കൂടുതൽ രൂക്ഷമാകും.
 കുതിരാനിലെ പഴയപാത പൊളിക്കുന്നതിന്‌ മുന്നോടിയായാണ് ഇടതുതുരങ്കത്തിലൂടെ ഇരുദിശയിലേക്കും ഗതാഗതം ആരംഭിച്ചത്. കുരുക്ക് രൂക്ഷമാകുമ്പോൾ പഴയപാതവഴി വാഹനങ്ങൾ വഴിതിരിച്ച് വിട്ടാണ് കുരുക്കൊഴിവാക്കുന്നത്. ഇതുകാരണം പഴയപാത പൊളിക്കാൻ തൃശ്ശൂർജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. അതേസമയം, പടിഞ്ഞാറേഭാഗത്ത് വലതുതുരങ്കത്തിലേക്ക് റോഡ് ബന്ധിപ്പിക്കണമെങ്കിൽ പഴയപാത പൊളിച്ചെങ്കിലേ സാധിക്കുകയുള്ളൂ.
*കുരുക്കിനിടയാക്കുന്ന കാരണങ്ങൾ*
തൃശ്ശൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് വരുമ്പോൾ വഴുക്കുംപാറമുതൽ തുരങ്കംവരെ കയറ്റമാണ്. ഇവിടെയാണ് കുരുക്ക് രൂപപ്പെടുന്നത്.  സാവധാനത്തിൽ കയറ്റംകയറുന്ന ചരക്കുവാഹനങ്ങളുടെ പിന്നാലെ വാഹനങ്ങളുടെ വരിനീളും. ഗതാഗതം ഒരുവരിയായി ക്രമീകരിച്ചിരിക്കുന്നതിനാൽ മറ്റുവാഹനങ്ങൾക്ക് ചരക്കുവാഹനങ്ങളെ മറികടന്നുപോകാനാവില്ല. മൂന്നുവരിയിലൂടെ വരുന്ന വാഹനങ്ങൾ ഒരു വരിയിലേക്ക് മാറ്റുമ്പോഴാണ് തിരക്ക്.
വൈകുന്നേരങ്ങളിൽ കുതിരാൻവഴിവരുന്ന ചരക്കുവാഹനങ്ങൾ കുതിരാനെത്തുംമുമ്പ് തടഞ്ഞിട്ടശേഷം പിന്നീട് കടത്തിവിടാമെന്നാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ചരക്കുവാഹനങ്ങൾ ഒരുമിച്ചെത്തുമ്പോൾ കുരുക്ക് അതിരൂക്ഷമാകുമെന്നതിനാൽ തീരുമാനം നടപ്പാക്കിയില്ല. പഴയപാത പൊളിക്കുമ്പോൾ വഴുക്കുംപാറയിൽനിന്ന് താത്കാലികമായി സമാന്തരപാത നിർമിച്ച് പഴയപാത നിലനിർത്തുകയാണ് മറ്റൊരുപരിഹാരം. ഇത് സാധ്യമല്ലെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ നിലപാട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സമാന്തരപാത നിർമിക്കാൻ സർക്കാർ ഇടപെടണമെന്ന് വിവിധ മേഖലകളിൽനിന്നുള്ള ആവശ്യം.

Back to top button
error: