മനാമ: അറബിനാട്ടിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ ‘അറേബ്യയുടെ നാഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ ’ കത്തീഡ്രൽ ബഹ്റിനിൽ ആരാധനയ്ക്കു തുറന്നുകൊടുത്തു.
തലസ്ഥാനമായ മനാമയിൽനിന്ന് 20 കിലോമീറ്റർ തെക്കായി അവാലി മുനിസിപ്പാലിറ്റിയിൽ പണികഴിപ്പിച്ച കത്തീഡ്രലിൽ 2300 പേർക്ക് ഒരേസമയം ആരാധന നടത്താം. രണ്ടു ചാപ്പലുകളും 800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഉണ്ട്.
സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാ ലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലൂയി അന്റോണിയോ താഗ്ളേ ഇന്നലെ കത്തീഡ്രലിന്റെ കൂദാശാകർമം നിർവഹിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു. ദൈവത്തിനു സ്വന്തം ജനതയോടുള്ള പരിലാളനയുടെ തെളിവാണ് ഈ ആലയമെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്റിൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫയുടെ പ്രതിനിധിയായി ഷെയ്ക്ക് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ വ്യാഴാഴ്ച കത്തീഡ്രലിന്റെ ഉദ്ഘാടനകർമം നിർവഹിച്ചിരുന്നു. രാജാവ് എട്ടുവർഷം മുന്പ് ദാനം ചെയ്ത 9,000 ചതുരശ്രമീറ്റർ ഭൂമിയിലാണു കത്തീഡ്രൽ നിലകൊള്ളുന്നത്. മന്ത്രിമാർ, വത്തിക്കാൻ പ്രതിനിധികൾ, സഭാ നേതാക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ മുതലായവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തിരുന്നു.