NEWS

മലപ്പുറം ടു കശ്മീർ, ഓട്ടോയിൽ 38 ദിവസം കൊണ്ട് ഇന്ത്യ ചുറ്റിക്കറങ്ങി സൗഹൃദകൂട്ടം

ഒക്ടോബർ 28നാണ് ഇവർ യാത്ര തുടങ്ങിയത്. 38 ദിവസങ്ങൾ കൊണ്ട് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങൾ മുഴുവൻ ചുറ്റി നടന്നു കണ്ടു. വഴിയോരങ്ങളിൽ ടെൻ്റടിച്ച് താമസിച്ചും സ്വയം ഭക്ഷണം പാകം ചെയ്ത് കഴിച്ചുമായിരുന്നു ഇവരുടെ യാത്ര

കോഴിക്കോട്: മലപ്പുറത്തെ പൂക്കിപറമ്പിൽനിന്ന് ജമ്മു കശ്മീർ വരെ ഓട്ടോയിൽ സാഹസികയാത്ര നടത്തിയ നാല് യുവാക്കൾ ജന്മനാട്ടിൽ തിരിച്ചെത്തി. പൂക്കിപറമ്പ് ഗ്രാമത്തിലെ പൗരാവലി ഊഷ്മള സ്വീകരണമാണ് ഈ നാൽവർ സംഘത്തിന് ഒരുക്കിയത്. പൂക്കിപറമ്പ് സ്വദേശികളായ ചേക്കത്ത് നൂറുദ്ദീൻ (23), പരേടത്ത് ഉമറുൽ മുക്താർ (23), മാട്ടാൻ ശഫീഖ് അലി (25), കരുമ്പിൽ നിസാമുദ്ദീൻ (23) എന്നിവരാണ് ഇന്ത്യ ചുറ്റിക്കറങ്ങി തിരിച്ചെത്തിയത്.

ഒക്ടോബർ 28നാണ് പൂക്കിപറമ്പ് ഗ്രാമത്തിൽ നിന്ന് നൂറുദ്ദീൻ്റെ 2007 മോഡൽ പ്രൈവറ്റ് ഒട്ടോയിൽ ഇവർ യാത്ര തുടങ്ങിയത്. കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങൾ ചുറ്റിക്കണ്ട് ജമ്മു കാശ്മീരിലെ സോജില പാസ് വരെ യാത്ര നടത്തി. തിരിച്ച് ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി, യു.പി, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, വയനാട് എന്നിവിടങ്ങളിൽ ചുറ്റി കറങ്ങി ഡിസംബർ മൂന്നിന് സ്വദേശത്ത് തിരിച്ചെത്തി.

38 ദിവസത്തെ യാത്രക്കൊടുവിലാണ് നാട്ടിലെത്തിയത്. യാത്ര തുടങ്ങി കർണാടകയെത്തിയപ്പോൾ ഓട്ടോയുടെ ടയർ പഞ്ചറായതല്ലാതെ യാത്രയിൽ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. തൊഴിലിൽ നിന്നുള്ള സമ്പാദ്യം മിച്ചം വെച്ച തുക ഉപയോഗിച്ചാണ് ഈ ചങ്ങാതിക്കൂട്ടം നാട് ചുറ്റാൻ ഇറങ്ങിയത്. താമസത്തിന് ടെൻറും ഭക്ഷണം പാകം ചെയ്ത് കഴിച്ചുമാണ് ഇവർ യാത്ര നടത്തിയത്. ജമ്മുകശ്മീരിൽ മാത്രമാണ് ഒരു ദിവസം റൂം വാടകക്ക് എടുത്ത് താമസിച്ചത്. 9000 കിലോമീറ്ററിനപ്പുറം കറങ്ങിയാണ് ഇവർ ഓട്ടോയിൽ തിരിച്ചെത്തിയത്.

Back to top button
error: