ഇന്ന് മിതാലി രാജിൻ്റെ ജന്മദിനമാണെന്ന് പറയുമ്പൊ ഇതിനു കിട്ടാൻ പോവുന്ന സ്വീകാര്യത എന്തായിരിക്കുമെന്ന് നല്ല ബോധ്യമുണ്ട്.സച്ചിൻ തെണ്ടുൽക്കറുടെയോ വിരാട് കോഹ്ലിയുടെയോ ജന്മദിനമാണെന്ന് പറയുമ്പൊ അവരൊക്കെ ആരാണെന്ന് വിശദീകരിച്ച് കൊടുക്കേണ്ടിവരില്ല എന്നതുതന്നെയാണ് അതിന്റെ മുഖ്യ കാരണവും.
ഇത് വായിക്കാനിടയുള്ള നല്ലൊരു ശതമാനം ആളുകൾക്കും മിതാലി ആരാണെന്ന് അറിയില്ലായിരിക്കും.അവരൊരു ക്രിക്കറ്ററാണെന്ന് അറിവുള്ളവർക്കുപോലും ഇത്തവണ ഒളിമ്പിക് സ്വർണമെഡൽ ജേതാവിനൊപ്പം ഖേൽ രത്ന പുരസ്കാരത്തിലേക്ക് എത്താൻ തക്കവണ്ണമുള്ള അവരുടെ നേട്ടങ്ങളുടെ പൂർണ വലിപ്പം അറിയണമെന്നുമില്ല.
വനിതാ ക്രിക്കറ്റിനെക്കുറിച്ചോ കളിക്കുന്നവരെക്കുറിച്ചോ ഒന്നും അറിയാത്ത ഒരു സമയമുണ്ടായിരുന്നു. അന്നുപോലും ആദ്യം കേട്ട പേരുകളിലൊന്ന് മിതാലി രാജ് എന്നായിരുന്നു.
അത് അവരുടെ പ്രഭാവത്തിന് ഒരു ഉദാഹരണം മാത്രമാണ്..
അതിനൊരു കാരണമുണ്ട്.
സച്ചിൻ തെണ്ടുൽക്കർ കളിച്ചിട്ടുളളത് 463 വൺ ഡേ ഇൻ്റർനാഷണൽ മൽസരങ്ങളാണ്. മിതാലി രാജ് 220 എണ്ണവും.തട്ടിച്ചുനോക്കിയാൽ ഇരുന്നൂറിലധികം മാച്ചുകളുടെ അന്തരം.
പക്ഷേ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ആകെ കളിച്ചിട്ടുള്ളത് 996 മാച്ചുകളാണെന്നും വനിതാ ക്രിക്കറ്റ് ടീം കളിച്ചത് 283 മൽസരങ്ങൾ മാത്രമാണെന്നും അറിയുമ്പൊഴാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മിതാലി രാജിൻ്റെ സ്ഥാനമെന്താണെന്ന് ഒരല്പം അദ്ഭുതത്തോടെ തിരിച്ചറിയേണ്ടിവരുന്നത്.
ടീം ആകെ കളിച്ച മൽസരങ്ങളിൽ 75% ൽ അധികം മൽസരങ്ങളിൽ കളിക്കുക.. ക്യാപ്റ്റനാവുക. ടീം ആകെ കളിച്ച മൽസരങ്ങളിൽ പകുതിയോളമെണ്ണത്തിൽ ടീമിനെ നയിക്കുക. അതും 60% ൽ അധികം വിജയശതമാനത്തോടെ..
കഴിഞ്ഞില്ല..
ലോകത്ത് ആദ്യമായി 200 ഏകദിന മൽസരങ്ങൾ കളിച്ച വനിത.
വിമൻസ് വൺ ഡേ ഇൻ്റർനാഷണൽ മൽസരങ്ങളിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ റൺ നേടിയ വനിത.
രണ്ടാം സ്ഥാനത്തുള്ളയാൾ 2016 ൽ കളി നിർത്തി. റെക്കോഡ് തകർക്കാൻ സാധ്യതയുള്ള മൂന്നാം സ്ഥാനക്കാരിയാവട്ടെ, 2000 ൽ അധികം റണ്ണിന് പിന്നിലാണ്.
ടെസ്റ്റിൽ ഡബിൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത.
ട്വൻ്റി ട്വൻ്റിയിൽ ഏറ്റവും വേഗം 2000 നേടിയ രണ്ടാമത്തെ വനിത.
വനിതാ വൺ ഡേ ക്രിക്കറ്റിൽ ഏറ്റവും അധികം അർധസെഞ്ചുറികളുടെ ഉടമ
ഒന്നിലധികം വൺ ഡേ ലോകകപ്പ് ഫൈനലുകളിൽ ടീമിനെ എത്തിച്ച ഒരേയൊരു ഇന്ത്യൻ ക്യാപ്റ്റൻ.
20 വർഷം ക്രിക്കറ്റിങ്ങ് കരിയറിൽ പൂർത്തിയാക്കിയ ആദ്യ വനിത.
ലിസ്റ്റെഴുതുകയാണെങ്കിൽ മിതാലിയുടെ നേട്ടം പറഞ്ഞ് ബുദ്ധിമുട്ടും.
അപ്പൊഴും ഒരു ചോദ്യം ബാക്കിനിൽക്കുകയാണ്.
ഒരിക്കൽ മിതാലി രാജിനോട് ഏറ്റവും ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചു. മിതാലിയുടെ മറു ചോദ്യത്തിന് ഉത്തരം ഒരുപക്ഷേ ഇന്നും ഉണ്ടാവില്ല..
” നിങ്ങൾ ഈ ചോദ്യം ഒരു പുരുഷ ക്രിക്കറ്ററോട് ചോദിച്ചിട്ടുണ്ടോ? ” എന്നായിരുന്നു അത്.
ആ ഒരൊറ്റച്ചോദ്യം ഒരുപാടിടങ്ങളിൽ ചോദിക്കേണ്ടിവരും.
10454 കരിയർ റണ്ണുകളുമായി പരിമിതികളുടെ പുറത്തുനിന്ന് സമാനതകളില്ലാത്ത നേട്ടവുമായി തലയുയർത്തി നിൽക്കുന്ന, ഇന്ന് ലോക ക്രിക്കറ്റ് അറിയുന്ന ഒന്നിലധികം ക്രിക്കറ്റർമാരുടെ പ്രചോദനമായ മിതാലി..
അക്ഷരം തെറ്റാതെ വിളിക്കണം..
‘ ലെജൻഡ് ‘ എന്ന്..
Tags
Mithali raj