KeralaNEWS

ആതുരസേവന മികവിന് ആദരം; ഏഷ്യാനെറ്റ് ന്യൂസിന്റെ ഉദ്യമം അഭിനന്ദനാര്‍ഹമെന്ന് മന്ത്രി പി. രാജീവ്

 

കൊച്ചി: ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ മികവിനെ ആദരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഉദ്യമം അഭിനന്ദനാര്‍ഹമെന്ന് മന്ത്രി പി രാജീവ്. ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ നഴ്സിംഗ് എക്‌സലന്‍സ് പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിപ്പ, പ്രളയം, കോവിഡ് എന്നീ ഘട്ടങ്ങളിലാണ് നഴ്‌സുമാര്‍ ചെയ്യുന്ന ജോലിയുടെ ബുദ്ധിമുട്ട് നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എട്ട് നഴ്‌സുമാര്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്തത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് പി ഗീത അര്‍ഹയായി. ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനം പരിഗണിച്ചാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ മുഖ്യാതിഥിയായി.

കേരളത്തിന്റെ ദൃശ്യ മാധ്യമ രംഗത്തെ ലീഡര്‍ എന്ന നിലയിലുള്ള ഉത്തവാദിത്തമാണ് ഏഷ്യനെറ്റ് ന്യൂസ് ഏറ്റെടുത്തിരിക്കുന്നതെന്ന് പരിപാടിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. ഈ പുരസ്കാരങ്ങൾ മികച്ച ആശയമാണെന്നും എല്ലാ മാധ്യമങ്ങള്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തനരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവരേയും കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു.

കേരളത്തിലെ നിരവധി നഴ്‌സുമാര്‍ പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷിതത്വത്തിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്‌സലെന്‍സ് അവാര്‍ഡിൽ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരത്തിന് തിരുവനന്തപുരം സ്വദേശിയായ ഹാഷിം അര്‍ഹനായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഹാഷിം. മികച്ച അധ്യാപകനുള്ള പുരസ്‌കാരം രാജീരഘുനാഥ് സ്വന്തമാക്കി. തൃശ്ശൂര്‍ അമല നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലാണ് രാജി രഘുനാഥ്.

ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫീസറായ പിജെ ലിന്‍സി ക്ലിനിക്കല്‍ എക്‌സലന്‍സ് പുരസ്‌കാരം ഏറ്റുവാങ്ങി. കേരളത്തിലെ ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച സംഘത്തില്‍ ലിന്‍സിയുമുണ്ടായിരുന്നു.

പൊതുജനങ്ങള്‍ക്കുള്ള സേവനത്തിലുള്ള പുരസ്‌കാരം, മുള്ളൂര്‍ക്കര എസ്എച്ച്‌സിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ അമ്പിളി അര്‍ഹയായി. പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മികച്ച നഴ്‌സിങ്ങ് സുപ്രണ്ടിനുള്ള പുരസ്‌കാരത്തിന് കെ സുദര്‍ശയും അര്‍ഹയായപ്പോള്‍ അന്നമ്മ സി, ഷൈജ പി എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിനും അര്‍ഹരായി. ആരോഗ്യവിദഗ്ദ്ധന്‍ ഡോ രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് സമ്മാനര്‍ഹരെ നിശ്ചയിച്ചത്.

Back to top button
error: