എത്രകേട്ടാലും മതിവരാത്ത ശബ്ദമായി മലയാളികളുടെ ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷം :ജോൺ ബ്രിട്ടാസ് എം പി യുടെ ഗൃഹാതുരത നിറഞ്ഞ കുറിപ്പ്
ദാസേട്ടന്റെ ശബ്ദം കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകില്ല… എവിടെ നിന്നെങ്കിലും ആ ശബ്ദമാധുര്യം നമ്മെ തഴുകിയിരിക്കും. സിനിമ ഗാനങ്ങളും ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളുമടക്കം മലയാളിയുടെ എല്ലാ ആഘോഷത്തിന്റെയും ആരവത്തിന്റെയും ഭാഗമാണ് ദാസേട്ടൻ. പ്രണയവും വിരഹവും വാത്സല്യവും സ്നേഹവുമൊക്കെ തൊട്ടു പുരട്ടിയ ദാസേട്ടന്റെ ശബ്ദം സിനിമാഗാനങ്ങളിലൂടെ നമ്മൾ അനുഭവിക്കാൻ തുടങ്ങിയിട്ട്, എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷമാകുന്നു.
“ജാതിഭേദം മതദ്വേഷം” എന്ന ഗുരുദേവ ശ്ലോകം പാടിയത് ആറ് പതിറ്റാണ്ട് മുൻപ് ഒരു നവംബർ 14 നാണ്; എല്ലാ വേദികളിലും എല്ലാവരോടും എക്കാലവും അദ്ദേഹം ആവശ്യപ്പെടുന്നതും ആ വരികൾ തന്നെയാണ്. വ്യക്തിപരമായി എനിക്കേറെ അടുപ്പമുള്ള വ്യക്തികൂടിയാണ് അദ്ദേഹം.
ചിരിയും ചിന്തയുമൊക്കെ പകർന്നു തന്ന ഒരുപാട് നിമിഷങ്ങൾ അദ്ദേഹം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ശബ്ദ മാധുര്യത്തിന്റെ വസന്തം തീർത്ത ദാസേട്ടന് നന്ദി പറയുകയല്ലാതെ ഈ ദിവസം മറ്റെന്ത് പറയാൻ.