കാട്ടാക്കട : മദ്യത്തിനു പകരം സാനിറ്റൈസർ സ്ഥിരമായി കുടിച്ച വയോധികൻ മരിച്ചു. പേയാട് അമ്പൻകോട് പരമേശ്വരവിലാസത്തിൽ മോഹനൻ നായർ (60) ആണ് മരിച്ചത്. സാനിറ്റൈസർ കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മോഹനൻനായരെ വെള്ളിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിക്കുകയായിരുന്നു.
മോഹനൻനായരെ കൂടാതെ അടുത്തിടെ സാനിറ്റൈസർ കഴിച്ച് പേയാട് രണ്ടുപേർ മരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ചില മെഡിക്കൽ സ്റ്റോറുകളിൽ വ്യാപകമായി അംഗീകാരമുള്ളതും ഇല്ലാത്തതുമായ വിവിധ ബ്രാൻഡുകളിലുള്ള സാനിറ്റൈസർ വിൽപന നടക്കുന്നുണ്ടെന്നും സാനിറ്റൈസറിൽ വെള്ളം ചേർത്ത് മദ്യത്തിന് പകരം ഉപയോഗിക്കുന്നുണ്ടെന്നും പരാതിയുണ്ട്.