ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്കായി വാങ്ങിയ പടക്കവുമായി സ്കൂട്ടറില്‍ പോകുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും (47) മകന് പ്രദീഷുമാണ് (7) മരിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുതുച്ചേരിയിലെ കാട്ടുകുപ്പത്താണ് ദാരുണ സംഭവം അരങ്ങേറിയത്.
ദീപാവലി ആഘോഷിക്കാന്‍ മകനെയും കൂട്ടി രണ്ട് വലിയ സഞ്ചി നിറയെ പടക്കം വാങ്ങി സ്വന്തം വീട്ടില്‍ വരുന്നതിനിടെയാണ് അപകടമുണ്ടായത്. മകനെ സ്കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തിയാണ് വാഹനം ഓടിച്ചത്. പടക്കം നിറച്ചുവച്ച സഞ്ചി സൈഡില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് പടക്കം പൊട്ടിത്തെറിച്ചത്.
പ്രദീഷും കലൈയരശനും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പടക്കത്തിന് ചൂടുപിടിച്ചതിനാലാകാം പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇത് ശാസ്ത്രീയമായ പരിശോധനകള്‍ക്ക് ശേഷമെ വ്യക്തമാകൂ.