NEWS

മന്ത്രവാദവും സദാചാര ഗുണ്ടായിസവും തടയാൻ നിയമം നിർദ്ദേശിച്ച് നിയമ പരിഷ്കരണ കമ്മീഷൻ

 

മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉൾപ്പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിർമ്മാണ ശുപാർശകളുമായി നിയമപരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ സമാഹൃത റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നിയമ മന്ത്രി പി.രാജീവ് റിപ്പോർട്ട് ഏറ്റുവാങ്ങി.

സദാചാര ഗുണ്ടായിസം തടയുന്നതിനും
അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനുള്ള നിയമം നിർമ്മിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. മത-ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള സദാചാര ഗുണ്ടായിസവും ആൾക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള നിയമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, റസിഡന്റ്സ് അസാസിയേഷനുകളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിങ്ങനെ പുതിയ നിയമനിർമ്മാണത്തിനുള്ള 12 ബില്ലുകൾ, കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കാനുള്ള 1 ബില്ല്, നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കുന്ന 4 ബില്ലുകൾ, ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള 4 ബില്ലുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നിയമപരിഷ്കരണ കമ്മീഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായർ, ലോ സെക്രട്ടറി ഹരി. വി.നായർ എന്നിവർ ചേർന്നാണ് റിപ്പോർട്ട് കൈമാറിയത്.

Back to top button
error: