സിഗ്നലിൽ വച്ച് ടിപ്പർ ലോറികയറി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾ സിഗ്നൽ തെളിഞ്ഞതോടെ മുന്നോട്ടെടുക്കവേയാണ് അപകടം. ബസിന് വലതുവശത്തുകൂടി പോവുകയായിരുന്ന ബൈക്ക് യാത്രികനെ പിറകിൽ നിന്നുവന്ന ടിപ്പർ ഇടിച്ചിടുകയും പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. ബുധനാഴ്ച പകൽ മൂന്ന് മണിയോടെയാണ് അപകടം
കണ്ണൂർ: കാൽടെക്സ് ജങ്ഷനിലെ സിഗ്നലിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.
കണ്ണൂർ സിറ്റി വെത്തിലപ്പള്ളി സ്വദേശി കെ. വിശ്വംഭരനാണ് മരിച്ചത്. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സിഗ്നൽ തെളിഞ്ഞതോടെ മുന്നോട്ടെടുക്കവേയാണ് അപകടം. ബസിന് വലതുവശത്തുകൂടി പോവുകയായിരുന്ന ബൈക്ക് യാത്രികനെ പിറകിൽ നിന്നുവന്ന ടിപ്പർ ഇടിച്ചിടുകയും പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു.
ബുധനാഴ്ച പകൽ മൂന്ന് മണിയോടെയാണ് അപകടം. കണ്ണൂർ ഫയർഫോഴ്സ് മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് അൽപനേരം ഗതാഗതം മുടങ്ങി. സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലൂടെയാണ് അപകടം വ്യക്തമായത്.
ഒരുമാസം മുമ്പാണ് ഇതേസ്ഥലത്ത് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരി ടാങ്കർ ലോറിയിടിച്ചു മരിച്ചിരുന്നു.
കഴിഞ്ഞദിവസം താവക്കര റോഡിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ കാറിടിച്ച് മരിച്ചു. കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളിയാണ് മരിച്ച വിശ്വംഭരൻ. ഭാര്യ: മഹേശ്വരി. മക്കൾ: വിപിൻ, തുഷാര. മരുമക്കൾ: സുധിഷ്ണ, പ്രജിത്ത്.
സഹോദരങ്ങൾ: നളിനി, രമേശൻ, പ്രേമജ. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12ന്.