Lead NewsNEWSVIDEO

ചാരിറ്റി തട്ടിപ്പ് നടത്തുന്നവരെ അകത്തിടണം, പാവങ്ങളുടെ പോക്കറ്റിൽ നിന്നല്ല സ്വന്തം അന്നം വാങ്ങേണ്ടത്

ചാരിറ്റി അഥവാ ചികിത്സാ ധനസഹായം സ്വരൂപിച്ച് രോഗികള്‍ക്ക് നല്‍കുന്നവര്‍ എന്ന പേരില്‍ ധാരാളം ഫ്രോഡുകള്‍ നമ്മുടെ നാട്ടില്‍ മേലനങ്ങാതെ അന്യന്റെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരി ജീവിക്കുന്നു. ഇവരുടെ തട്ടിപ്പ് കഥകള്‍ പല തവണ സമൂഹത്തിന് മുന്നില്‍ തെളിവുകള്‍ സഹിതം തുറന്ന് കാണിക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും ആരും ഇവര്‍ക്കെതിരെ രേഖാമൂലം പരാതിയൊന്നും നല്‍കാത്തത്, എങ്ങനെയൊക്കെ ആണെങ്കിലും ഏതെങ്കിലും പാവങ്ങള്‍ക്ക് എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, അത് നമ്മളായി മുടക്കേണ്ട എന്ന ഒരൊറ്റ സോഫ്റ്റ് കോര്‍ണര്‍ മൂലമാണ്.

എന്നാല്‍ സാമ്പത്തിക കുറ്റകൃത്യം എന്നതില്‍ നിന്ന് ഒരു പടി കൂടി കടന്ന് നിയമം കൈയ്യിലെടുക്കുന്ന രീതിയിലേക്ക് ഈ അധോലോക സംഘം കടന്നിരിക്കുന്നു എന്ന് വേണം ഇന്നലെ വയനാട്ടില്‍ നടന്ന സംഭവങ്ങള്‍ വീക്ഷിക്കുന്നതിലൂടെ മനസ്സിലാക്കാന്‍. തങ്ങളുടെ നിസ്സഹായാവസ്ഥയും ചികിത്സയുടെ ആവശ്യവും ചൂണ്ടികാണിച്ച് പിരിക്കുന്ന പണത്തില്‍, ചാരിറ്റി മുതലാളിമാര്‍ കൊടുക്കുന്നതിന് അപ്പുറമുള്ള തുക ആവശ്യപ്പെട്ടാല്‍ അവരെ തെരുവില്‍ കൈകാര്യം ചെയ്യണം എന്നൊക്കെ ഒരു നന്മ മരം സോഷ്യല്‍ മീഡിയയില്‍ പച്ചക്ക് പറയണമെങ്കില്‍, അയാള്‍ ഇവിടത്തെ നിയമ സംവിധാനത്തെ തീര്‍ത്തും വക വെക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍… ഇപ്പോഴിതാ തന്റെ വാക്കുകളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍ എന്ന ആ നന്മമരം.

നന്ദികേട് കാണിക്കുന്ന രോഗികളെ റോഡില്‍ തല്ലിക്കൊല്ലണം എന്നല്ല പറഞ്ഞതെന്നും അവരെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ തിരിക്കുന്നവരെ റോഡില്‍ തല്ലണമെന്നാണ് പറഞ്ഞതെന്നും ഫിറോസ് വിശദീകരിച്ചു. വിവാദത്തിനിടയായ വയനാട്ടിലെ കുഞ്ഞിന്റെ നാട്ടിലെത്തി അവിടുത്തെ സുഹൃത്തുക്കള്‍ക്കൊപ്പം നിന്ന് ലൈവായിട്ടാണ് ഫിറോസ് വിശദീകരണം നടത്തിയത്. ഇത്രയുമൊക്കം ചെയ്തിട്ടും കുഞ്ഞിന്റെ ജീവന്‍ രക്ഷപെട്ടിട്ടും ഇത്രെയാക്കെ സഹായം ചെയ്തിട്ടും കുഞ്ഞിന്റെ ജീവന്‍ രക്ഷപെട്ടിട്ടും ഞാന്‍ കള്ളനാണെന്ന് പറഞ്ഞാല്‍ വേദനിക്കുമെന്നും ആ വിഷമം കൊണ്ട് പറഞ്ഞുപോയതാണെന്നും ഫിറോസ് പറയുന്നു.

കുഞ്ഞിന്റെ ചികില്‍സയ്ക്കായി 17 ലക്ഷമല്ല, 21 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നെന്ന് കണക്കുകള്‍ നിരത്തി ഫിറോസും നാട്ടുകാരും പറയുന്നു. ഇതില്‍ നിന്നും 12 ലക്ഷത്തില്‍ അധികം രൂപ കുട്ടിയുടെ പിതാവ് പിന്‍വലിച്ചെന്നും ബാങ്ക് രേഖകള്‍ പറയുന്നു. 9 ലക്ഷം രൂപ മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കിയെന്നും ഫിറോസ് പറയുന്നു. ഇതില്‍ നിന്നും ഒരുരൂപ പോലും താന്‍ എടുത്തില്ല. കുട്ടിയുടെ അസുഖം ഭേദമായശേഷം തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കാന്‍ ചിലര്‍ക്കൊപ്പം ഇയാള്‍ ചേര്‍ന്നു എന്ന് ഫിറോസ് പറഞ്ഞു.

വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. കുട്ടിയുടെ ചികിത്സയ്ക്കായി പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്കു വേണ്ടി നല്‍കി. എന്നാല്‍ ഈ കുട്ടിയുടെ കുടുംബം പിന്നീട്, വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവായെന്നും അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും തന്നോട് ആവശ്യപ്പെട്ടു. അത് മറ്റൊരു രോഗിക്ക് നല്‍കിയതിനാല്‍ സാധിക്കില്ലെന്ന് താന്‍ പറഞ്ഞു. ഈ പണം ലക്ഷ്യമിട്ട്, തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ എത്തിയിരിക്കുകയാണെന്നും അവയെല്ലാം വ്യാജമാണെന്നുമാണ് ഫിറോസ് വ്യക്തമാക്കുന്നത്.

കുഞ്ഞിന്റെ ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്. 10 ലക്ഷം നല്‍കിയിട്ടും ചികിത്സക്ക് മുന്‍പ് 10 ലക്ഷം തീര്‍ന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നല്‍കി ബാക്കി സര്‍ജറിക്കുള്ള സംഖ്യ ഞാന്‍ ആശുപത്രിയില്‍ കെട്ടിവച്ചു. സര്‍ജറി കഴിഞ്ഞു ഇപ്പോള്‍ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീന്‍ പൗഡര്‍ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാന്‍ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. ഒരാപത്തില്‍ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതില്‍ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങള്‍ക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്മെന്റ്് വരട്ടെ. നിങ്ങള്‍ തന്നെ കണ്ട് ബോധ്യപ്പെടു.ഫിറോസ് ആദ്യ വിഡിയോയില്‍ പറഞ്ഞു.

സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാല്‍ കാണാം ആര്‍ക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവര്‍ക്ക് നല്‍കിയ പണം അവര്‍ എന്ത് ചെയ്തു എന്നും ഫിറോസ് പറയുന്നു. എന്നാല്‍ ഇപ്പോള്‍നല്‍കുന്ന ഈ വിശദീകരണത്തില്‍ നിന്നും ഈ മാഫിയകളെ നിലക്ക് നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ്. പോലീസിന്റെ ശക്തമായ ഇടപെടല്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഉണ്ടാവണം. ഇതിന് ഇനി പരാതികളുടെ ഇല്ലാത്തതാണ് തടസ്സമെങ്കില്‍ വ്യക്തമായ പരാതി എഴുതി നല്‍കാനും തയ്യാറാവണം. അത് ഏത് കൊടി കുത്തിയ നന്മ മരത്തിനെതിരെയും.

Back to top button
error: