NEWS

ചികിത്സാ പിഴവ്: ഐ ജിക്ക് ഉടൻ റിപ്പോർട്ട് നൽകണമെന്ന് ഡി എം ഒ യോട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : സ്വകാര്യാശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന പരാതിയിൽ ഐ ജി ആവശ്യപ്പെട്ട വിദഗ്ധോപദേശം എത്രയും വേഗം ഐ ജി ക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാമെഡിക്കൽ ഓഫീസർക്ക് ഉത്തരവ് നൽകി.

ഡി എം ഒ യുടെ റിപ്പോർട്ട് ലഭിച്ചാലുടൻ സത്വര നിയമ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഐ ജി ആന്റ് പോലീസ് കമ്മീഷണർക്ക് (തിരുവനന്തപുരം) ഉത്തരവ് നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ ഒരു റിപ്പോർട്ട് ഡി എം ഒ യും ഐ ജി യും കമ്മീഷൻ ഓഫീസിൽ മാർച്ച് 5 നകം ഹാജരാക്കണം.

Signature-ad

കരമന കാലടി സ്വദേശി എസ് അനീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. അനീഷിന്റെ ഭാര്യ നേമം ജെ പി ലെയിൻ സ്വദേശിനി ശരണ്യ (26) യാണ് പ്രസവത്തെ തുടർന്ന് കോമാ സ്റ്റേജിലാവുകയും മാസങ്ങൾക്കു ശേഷം മരിക്കുകയും ചെയ്തത്.ശരണ്യ ജന്മം നൽകിയ കുഞ്ഞിന് ഇപ്പോൾ ഒരു വയസ്സായി. കുഞ്ഞ് അനീഷിന്റെ സംരക്ഷണനയിലാണ്. വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം അറിഞ്ഞാൽ മാത്രമേ മരണകാരണം ചികിത്സാ പിഴവാണോയെന്ന് നിശ്ചയിക്കാൻ കഴിയുകയുള്ളൂവെന്ന് ഡി എം ഒ കമ്മീഷനെ അറിയിച്ചു. ശരണ്യയെ ചികിത്സിച്ച സ്വകാര്യാശുപത്രിയിൽ നിന്നും ചികിത്സാ രേഖകൾ ശേഖരിച്ചതായി ഐ ജി അറിയിച്ചു. പ്രസ്തുത രേഖകളാണ് വിദഗ്ദ്ധാഭിപ്രായത്തിനായി ഡി എം ഒ ക്ക് കൈമാറിയിട്ടുള്ളത്.

Back to top button
error: