സോഷ്യല്‍ മീഡിയയില്‍ പുതിയ ചതിക്കുഴികള്‍ വര്‍ധിച്ച് വരുന്നതായാണ് ഈയടുത്തിടെയുണ്ടായ പല സംഭവങ്ങളും വ്യക്തമാക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എന്തിനും ഏതിനും ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി മനുഷ്യന്. ഈ അവസരം മുതലെടുക്കുകയാണ് ഇപ്പോള്‍ ചില കൊളള സംഘങ്ങള്‍.
മൊബൈല്‍ ആപ്പ് വഴിയാണ് ഇപ്പോള്‍ തട്ടിപ്പ് നടത്തുന്നത്. തെലങ്കാനയില്‍ ഈ തട്ടിപ്പിന് ഇരയായത് 29കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മുതല്‍ 28 വയസ്സുകാരിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥവരെയാണ്. ഒടുക്കം ഇവര്‍ക്ക് ആത്മഹത്യയെ നിവര്‍ത്തിയുണ്ടായിരുന്നുളളൂ. കേരളത്തിലും കേരളത്തിലും കുറവൊന്നുമല്ല, കോഴിക്കോട്ടും പത്തനംതിട്ടയിലും കൊച്ചിയിലുമെല്ലാം നൂറുകണക്കിനു പേരാണ് വായ്പാ തട്ടിപ്പിൽ കുടുങ്ങിയത്. പരാതിപ്പെട്ട ഉടൻ പൊലീസ് ധൈര്യം നൽകിയതുകൊണ്ട് ഇവിടെ ആത്മഹത്യകൾ സംഭവിച്ചില്ലെന്നു മാത്രം.
കൂടുതല്‍ സമയം ഇന്റര്‍നെറ്റിന് മുന്നില്‍ സമയം ചെലവഴിക്കുമ്പോള്‍ നമ്മുടെ താല്‍പ്പര്യങ്ങള്‍ എന്തൊക്കെയാണെന്നും ആവശ്യങ്ങള്‍ എന്തൊക്കെയെന്നും മനസ്സിലാക്കാന്‍ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ട പ്രധാനകാര്യം. തുടര്‍ന്ന് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇമെയിലും എസ്എംഎസുമെല്ലാം നിരീക്ഷിച്ച് തൊഴില്‍ , സാമ്പത്തിക ശേഷി, വ്യക്തി ബന്ധങ്ങള്‍, സമൂഹത്തിലെ സ്ഥാനം തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കി ഇവര്‍ ചൂണ്ടയിടുന്നു.
ഷോപ്പിങ് പരസ്യങ്ങള്‍ കാട്ടി വല വിരിക്കുന്ന ഇവര്‍ നമ്മുടെ സാമ്പത്തിക ശേഷി വിലയിരുത്തുന്നു. തുടര്‍ന്ന് വായ്പ വാഗ്ദാനങ്ങളുമായി എത്തുന്നു. നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ അനാലിസിസ് എന്നിവയുടെയെല്ലാം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഓരോരുത്തരുടെയും താല്‍പര്യങ്ങളും ആവശ്യങ്ങളും സ്വഭാവവും കൃത്യമായി തിരിച്ചറിഞ്ഞാണ് വായ്പയെന്ന ചൂണ്ടക്കൊളുത്ത് ഇവര്‍ തയാറാക്കുന്നത്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആപ്പിന്റെ പ്രതിനിധികള്‍ എന്ന പേരില്‍ വളരെ പ്രഫഷനലായി സംസാരിക്കുന്നു. പ്രീ അപ്രൂവ്ഡ് ലോണ്‍, ഇന്‍സ്റ്റന്റ് ലോണ്‍, ഒന്നരശതമാനം പലിശ, മിനിറ്റുകള്‍ക്കകം പണം അക്കാണ്ടില്‍ ഇങ്ങനെയെല്ലാമാണ് വാഗ്ദാനങ്ങള്‍. എന്നാല്‍ അവരുടെ പ്രലോഭനത്തില്‍ വീണവര്‍ പലിശ നിരക്ക് എത്രയെന്ന് പോലും ചോദിച്ചില്ല എന്നതാണ് കാര്യം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വായ്പയ്ക്ക് അപേക്ഷിച്ചു.
ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, ഒപ്പിന്റെ ഫോട്ടോ ഇത്രയും വിഡിയോ കോളില്‍ കാണിച്ചാല്‍ വിഡിയോ കെവൈസി റെഡി. പിന്നാലെ വായ്പയും റെഡി. അമ്പതിനായിരം ചോദിച്ചവര്‍ക്ക് കിട്ടിയത് അയ്യായിരം… അതിനായി പ്രോസസിങ് ഫീസ്. ഡ്യോകുമെന്‍രേഷന്‍ ചാര്‍ജ് എന്നിങ്ങനെ പല പേരുകളിലായി പണം ആപ്പുകളിലേക്ക് അടച്ച് ആപ്പിലായവരും ധാരാളം. 90 ദിവസത്തെ കാലാവധിയാണ് വായ്പയടക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ 6 ദിവസത്തിനകം വിളിയെത്തുമ്പോള്‍ വായ്പയെടുത്തവര്‍ അമ്പരന്നു. നേരത്തെ മാന്യമായി പെരുമാറിയവര്‍ പിന്നീട് പരുഷമാവുന്നു.
വായ്പ പലിശ സഹിതം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ കോണ്ടാക്ട് ലിസ്റ്റിലെ എല്ലാവര്‍ക്കും നിങ്ങള്‍ സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം അയയ്ക്കുമെന്നുള്ള ഭീഷണിയാണ് അടുത്ത ഘട്ടം. ഒന്നര ശതമാനമെന്നെല്ലാം മോഹിപ്പിച്ചത് ദിവസപ്പലിശയായിരുന്നു എന്നുകൂടി തിരിച്ചറിയുമ്പോഴേക്കും വായ്പയെടുത്തയാളെ ആപ്പ് സംഘം അക്ഷരാര്‍ത്ഥത്തില്‍ ആപ്പിലാക്കിയിട്ടുണ്ടാവും.
പിന്നീട് ഫോണില്‍ സേവ് ചെയ്ത ഫോണ്‍ നമ്പറുകളില്‍ പലതിലേക്കും വായ്പാത്തട്ടിപ്പു സംഘത്തില്‍പ്പെട്ട ആളുകള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടരെ വിളി തുടങ്ങും. വായ്പയെടുത്ത ആളുടെ ചിത്രം പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ച് ഡിഫോള്‍ട്ടര്‍ എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങും. ഇതോടെ വായ്പയെടുത്തയാള്‍ അയാളുടെ കോണ്‍ടാക്ട് ലിസ്റ്റിലെ എല്ലാവരുടെയും മുന്നില്‍ സാമ്പത്തിക കുറ്റവാളിയാക്കി മാറ്റും. ഇതുകൂടാതെ ഭാര്യ, അമ്മ തുടങ്ങി അടുത്ത ബന്ധുക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രോസ്റ്റിറ്റിയൂട്ട് എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത സംഭവങ്ങളുമുണ്ട്. തിരിച്ചടച്ചു തീര്‍ത്താലും അടവു തെറ്റിയെന്നും തുക ബാക്കിയുണ്ടെന്നും പറഞ്ഞ് ഭീഷണി സന്ദേശങ്ങള്‍ വരുന്നതായും പരാതികളുണ്ട്.
അതിനാല്‍ ഇതിനെല്ലാം പ്രതിവിധി ഒന്നോയുളളൂ. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യാപയെടുക്കാതിരിക്കുക എന്നാണ്. വായ്പയുടെ പലിശ നിരക്ക്, കാലാവധി, നിബന്ധനകള്‍ എന്നിവയെല്ലാം കൃത്യമായി ചോദിച്ചറിഞ്ഞശേഷമേ വ്യപയെടുക്കാവൂ. അത്യവശ്യമുളള ആപ്പുകള്‍ ഫോണില്‍ സൂക്ഷിക്കുക അല്ലാത്തവ കളയുക.. തട്ടിപ്പ് സംശയം തോന്നിയാല്‍ ഒട്ടും മടിക്കാതെ പോലീസിനെ വിവരം അറിയിക്കൂ.. ചതിക്കുഴികളില്‍ അകപ്പെടാതിരിക്കൂ…