സംസ്ഥാനത്ത് നാളെ മുതൽ ഭാഗികമായി സ്കൂളുകൾ തുറക്കുന്നു. 10, 12 ക്ലാസുകളിൽ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാർഥികളാണ് നാളെ മുതൽ സ്കൂളിൽ എത്തുക. 3118 ഹൈസ്കൂളുകളും 2077 ഹയർസെക്കൻഡറി സ്കൂളുകളും ആണ് തുറക്കുക.ഹാജർ നിർബന്ധമല്ല. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങി വേണം കുട്ടികൾ സ്കൂളിലെത്താൻ.
സ്കൂളുകളിൽ കോവിഡ് സെൽ രൂപീകരിക്കുന്നത് അടക്കമുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പൊതുപരീക്ഷയ്ക്ക് മുന്നോടിയായി ഓൺലൈൻ ക്ലാസ്സുകളുടെ തുടർച്ചയായ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്കാണ് ഊന്നൽ.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് സ്കൂളുകൾ തുറക്കുക. ഒരേസമയം ക്ലാസിൽ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. വിദ്യാർഥികൾ ഷിഫ്റ്റായോ ഒന്നിടവിട്ട ദിവസങ്ങളിളോ ക്ലാസിന് എത്തും വിധമാണ് ക്രമീകരണം. ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്തൂ . ഒരാഴ്ചയ്ക്കുശേഷം സ്ഥിതിഗതികൾ വിലയിരുത്തി മാറ്റം വരുത്തും.