വിജയമോഹന മാധ്യമ ലോകം-സുധീര്‍ നാഥ് 

“എഴുതാറില്ലേയൊന്നും?”
സുഹ്യത്ത് തിരക്കുന്നു.
എഴുതാറുണ്ടെന്നാലോ
വാക്കുകള്‍ പിണങ്ങുന്നു…
ഡി വിജയമോഹന്‍റെ കാട്ടാളന്‍ എന്ന കവിത ആരംഭിക്കുന്നത് ഈ വരികളിലാണ്. ഡി വിജയമോഹന്‍ കവിയായിരുന്നു, സാഹിത്യകാരനായിരുന്നു, പ്രഭാഷകനായിരുന്നു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു. ഒടുവില്‍ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മലയാള മാധ്യമപ്രവര്‍ത്തകനായ ഡി വിജയമോഹന്‍ അന്തരിച്ചു. അദ്ദേഹം കേരളത്തില്‍ മാത്രം ഒതുങ്ങി നിന്ന മാധ്യമപ്രവര്‍ത്തകനായിരുന്നില്ല. മൂന്നര പതിറ്റാണ്ട് രാജ്യതലസ്ഥാനത്ത് മലയാള മാധ്യമ രംഗത്ത് അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാന്‍ സാധിക്കാത്തതാണ്. തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു ഡി വിജയമോഹന്‍ എന്ന് കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരേ പോലെ ഇടപഴകാന്‍ സാധിക്കുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇതാണ് ഡി വിജയമോഹന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്.  

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്നോ, തുടക്കക്കാരനായ പത്രപ്രവര്‍ത്തകനെന്ന വ്യത്യാസമില്ലാതെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ വരുന്ന എല്ലാ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കും ഗുരുസ്ഥാനിയനും, സുഹ്യത്തും എല്ലാമായിരുന്നു അദ്ദേഹം. രാഷ്ട്രപതിമാരും, പ്രധാനമന്ത്രിമാരുമായി നേരിട്ട് ഇടപെടുമായിരുന്ന അദ്ദേഹം ഓഫീസിലെ തൂപ്പുകാരനോടും, സഹായിയോടും, സഹപ്രവര്‍ത്തകരോടും വ്യത്യസ്ഥത കാണിച്ചിരുന്നില്ല. എല്ലാവരേയും ഒരേപോലെ കാണുവാനുള്ള മനസ് അനുകരണീയനമാണ്. ചെറിയ പത്രത്തിന്‍റെ പ്രതിനിധയായാല്‍ പോലും മലയാള മനോരമയുടെ ചട്ടകൂടില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന എല്ലാ സഹായവും ചെയ്യുമായിരുന്ന വലിയ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് ഒരു യുവ മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിതന്നെയാണ്. അദ്ദേഹത്തിന്‍റെ ഉപദേശമോ അദ്ദേഹത്തിന്‍റെ സഹായമോ കിട്ടാത്ത ഒരു മാധ്യമ പ്രവര്‍ത്തകനും കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം രാജ്യ തലസ്ഥാത്ത് ഉണ്ടായിട്ടില്ല.   

 മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം മാര്‍ഗ്ഗ നിര്‍ദ്ദേശിയായിരുന്നു അദ്ദേഹം. മലയാള ഭാഷാ പഠനകേന്ദ്രങ്ങള്‍ ഡല്‍ഹിയില്‍ ഇത്ര ശക്തമാക്കുന്നതിന് തുടക്കകാലം മുതല്‍ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. മലയാള മലയാള ഭാഷയ്ക്കായി അദ്ദേഹം ഡല്‍ഹിയിലെ പല കേന്ദ്രങ്ങളിലും നടത്തിയ പ്രഭാഷണങ്ങള്‍, പഠന കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിച്ച് അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടുകള്‍ വിലമതിക്കാന്‍ സാധിക്കാത്തതതാണ് എന്ന് പറയുന്നത് ആലങ്കാരികമല്ല. അദ്ദേഹത്തിന്‍റെ വേര്‍പാട് മലയാള മാധ്യമലോകത്തിന് മാത്രമല്ല, മലയാള ഭാഷയ്ക്കും ഒരിക്കലും നികത്താന്‍ സാധിക്കാത്ത വലിയ നഷ്ടമാണ്.    

മലയാള മനോരമയില്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകനായി അദ്ദേഹം പ്രവര്‍ത്തിച്ചത്. ഡി വിജയമോഹന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ആയിരക്കണക്കിന് വാര്‍ത്തകളാണ് മലയാള മനോരമയില്‍ അച്ചടിച്ചു വന്നിട്ടുള്ളത്. ഡി വിജയമോഹന്‍ എന്ന ബൈലൈന്‍ മലയാളികള്‍ക്ക് അതുകൊണ്ട് തന്നെ സുപരിചിതമാണ്. രാഷ്ട്രീയം മാത്രമല്ല, സാമൂഹ്യ വിഷയത്തിലും സാംസ്കാരിക വിഷയത്തിലും, സാമ്പത്തിക വിഷയത്തിലും അദ്ദേഹം വളരെ പണ്ഡിതനായിരുന്നു. സംഗീതത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് അപാരമായിരുന്നു. സംഗീതത്തിലെ രാഗങ്ങള്‍, താരങ്ങള്‍ എന്നിവയെ കുറിച്ചുള്ള അഗാധമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് ബാധിതനായി അന്തരിച്ചപ്പോള്‍ ഡല്‍ഹിയില്‍ ജനസംസ്കൃതി സംഘടിപ്പിച്ച ഡിജിറ്റല്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയുണ്ടായി. സംഗീതത്തിലുള്ള അദ്ദേഹത്തിന്‍റെ അപാരമായ കഴിവുകള്‍ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹം നടത്തിയ പ്രഭാഷണം. 

ഡല്‍ഹിയില്‍ വ്യത്യസ്ഥ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ പ്രശസ്തരായ പല മലയാളികളുണ്ടായിരുന്നതായി അദ്ദേഹം ഓര്‍ത്ത് പല വേദികളിലും പറഞ്ഞിട്ടുണ്ട്. അവരെ ഓര്‍ക്കുവാന്‍ പിന്‍ തലമുറ മറക്കുന്നതായി അദ്ദേഹം പരിഭവിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ തന്‍റെ മൂന്നര പതിറ്റാണ്ടിലെ അനുഭവങ്ങള്‍ കോവിഡ് കാലത്ത് അദ്ദേഹം പൂര്‍ത്തീകരിച്ചിരുന്നു. കേരള മീഡിയ അക്കാദമിക്ക് വേണ്ടി വാര്‍ത്തകള്‍ക്ക് പിന്നിലെ കഥകള്‍ അദ്ദേഹം പൂര്‍ത്തീകരിച്ച് ചിത്രീകരണത്തിനായി ലേഖകനെ ഏല്‍പ്പിച്ചിട്ട് അതിക കാലമായില്ല. 2021 ജനുവരിയില്‍ പുസ്തകരൂപത്തില്‍ വരാനിരിക്കുന്നതിനെ അദ്ദേഹം വര്‍ണ്ണിക്കുമായിരുന്നു. മാധ്യ രംഗത്ത് കടന്ന് വരുന്നവര്‍ക്ക് ഒരു പാഠപുസ്തകം പോലാകുമെന്ന് പറഞ്ഞിരുന്ന അദ്ദേഹം പുസ്തകത്തിന് പേര് പോലും ഇട്ടില്ല. ചിത്രീകരണം കഴിയുമ്പോഴേയ്ക്ക് നല്ല പേര് കിട്ടും. പക്ഷെ അതിന് കാത്തു നില്‍ക്കാതെ അദ്ദേഹം യാത്രയായി.

Leave a Reply

Your email address will not be published. Required fields are marked *