രാജസ്ഥാനിലെ കോട്ടയിൽ ജെ കെ ലോൺ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 9 കുഞ്ഞുങ്ങളുടെ മരണം
രാജസ്ഥാനിലെ കോട്ടയിൽ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ ഒമ്പത് കുഞ്ഞുങ്ങൾ മരിച്ചത് വിവാദമാകുന്നു. 9 ൽ 5 പേരും മരിച്ചത് ബുധനാഴ്ച രാത്രിയിലാണ്. ജെ കെ ലോൺ ആശുപത്രിയിലാണ് സംഭവം.
ആശുപത്രി അധികൃതരുടെ അലംഭാവവും സ്റ്റാഫ് ഇല്ലാത്തതുമാണ് കുരുന്നുകളുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടു കുഞ്ഞുങ്ങളുടെ ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ ധർണ ഇരിക്കുകയും ചെയ്തു.
വയ്യാതായ കുരുന്നുകളെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ ആശുപത്രി സ്റ്റാഫ് നോക്കുക പോലും ചെയ്തില്ല എന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ആശുപത്രിയിൽ നിന്ന് വിശദീകരണം തേടി എന്നാണ് രാജസ്ഥാൻ ആരോഗ്യ മന്ത്രി രഘു ശർമ്മ പറയുന്നത്. 9 കുഞ്ഞുങ്ങളിൽ 3 പേർ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണമടഞ്ഞിരുന്നു എന്നാണ് ആശുപത്രി അധികൃതർ തന്നോട് പറഞ്ഞത് എന്നാണ് രഘു ശർമ പറയുന്നത്.
ഇത് ആദ്യമായല്ല ജെ കെ ലോൺ ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്. കഴിഞ്ഞവർഷം നൂറുകണക്കിന് കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ ആരോപണമുയർന്നിരുന്നു.