NEWS

ധനസഹായം നിലച്ചതോടെ ലക്ഷക്കണക്കിനു രോഗികള്‍ ദുരിതത്തില്‍: ഉമ്മന്‍ ചാണ്ടി

ക്ഷേമപെന്‍ഷനുകളെക്കുറിച്ച് പെരുമ്പറ കൊട്ടി വ്യാജപ്രചാരണം നടത്തുന്ന ഇടതുസര്‍ക്കാര്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തിന് സാമൂഹ്യക്ഷേമ മിഷനിലൂടെയും മറ്റും നല്കികൊണ്ടിരുന്ന ധനസഹായം നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിനു രോഗികള്‍ മഹാദുരിതത്തിലായി. യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചതിനപ്പുറം ധനസഹായം കൂട്ടിയതുമില്ല. കാരുണ്യ പദ്ധതിയും ഇപ്പോള്‍ പ്രതിസന്ധിയിലായി.

ഡയാലിസിന് വിധേയമാകുന്നവര്‍ക്കും വൃക്കമാറ്റിവച്ച് തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രതിമാസം നല്കുന്ന 1100 രൂപയുടെ സമാശ്വാസം പദ്ധതിയില്‍ 2019 ഒക്‌ടോബര്‍ മുതല്‍ ധനസഹായം കുടിശികയാണ്. ഒരു കാരണവശാലും മുടങ്ങാന്‍ പാടില്ലാത്ത ഡയാലിസിസ് തുടരാനാവാതെ രോഗികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നു.

Signature-ad

കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയില്‍ 2019 മെയ് മുതല്‍ കുടിശിക. 2018 ഏപ്രില്‍ മുതലുള്ള അപേക്ഷ പരിഗണിച്ചിട്ടില്ല. പ്രതിമാസം 600 രൂപയാണ് ധനസഹായം. കിടപ്പുരോഗികളെ പരിചരിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍.

മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കു ധനസഹായം നല്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ 2019, 2020 എന്നീ വര്‍ഷങ്ങളിലെ തുക ഇതുവരെ നല്കിയില്ല. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ നല്‌കേണ്ട തുകയാണ്.

ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചു. ഇവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള യാത്രാബത്തയായ 12,000 രൂപ നല്കുന്നില്ല. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുകയായ 28,500 രൂപയില്‍ നിന്ന് 12,000 രൂപ കിഴിച്ച് 16,500 രൂപയേ നല്കൂ. ഓട്ടിസം, സെറിബ്രല്‍ പള്‍സി തുടങ്ങിയവയുള്ള കുട്ടികളാണിവര്‍.

8700 എച്ചഐവി ബാധിതര്‍ക്ക് നല്കുന്ന പ്രതിമാസ 1000 രൂപ ധനസഹായം നിലച്ചിട്ട് 18 മാസം. 2019 സെപ്റ്റംബര്‍ മുതല്‍ കുടിശിക. ചികത്സയ്ക്കും മറ്റു ജീവിതച്ചെലവുകള്‍ക്കും പണം കണ്ടെത്താനാവാതെ സമൂഹത്തില്‍നിന്നും വീട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട അവര്‍ നട്ടംതിരിയുന്നു.

വയനാട്ടിലെ 1000 അരിവാള്‍ രോഗികള്‍ക്ക് 2000 രൂപവച്ചുള്ള ധനസഹായം മാസങ്ങളായി മുടങ്ങി. കാന്‍സര്‍ രോഗികള്‍ക്ക് ആര്‍സിസി വഴി നല്കിവരുന്ന 1000 രൂപ ധനസഹായം ഒരു വര്‍ഷമായി നിലച്ചു. 8700 രോഗികളുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി നല്കിയ കാരുണ്യ ധനസഹായ പദ്ധതി ഇല്ലാതായി. ഈ പദ്ധതി ഇപ്പോള്‍ ആയുഷ്മാന്‍ പദ്ധതിയുടെ കീഴിലാക്കി. ഇതൊരു ഇന്‍ഷ്വറന്‍സ് പദ്ധതിയാണ്. നേരത്തെ അനായാസം മുന്‍കൂറായി ചികിത്സാ സഹായം കിട്ടിയിരുന്ന പദ്ധതി ആയുഷ്മാന്റെ കീഴിലാക്കിയതോടെ കടമ്പകളേറെയായി.

Back to top button
error: