ബിനീഷിനെ കാണണമെന്ന സഹോദരൻ ബിനോയുടെ ഹർജി 5 നു പരിഗണിക്കും ,ബിനീഷിനെ 5 ദിവസം കൊണ്ട് ഇ ഡി ചോദ്യം ചെയ്തത് 38 മണിക്കൂർ
ബിനീഷ് കോടിയേരിയെ കാണാൻ അനുവദിക്കണമെന്ന സഹോദരൻ ബിനോയ് കോടിയേരിയുടെ ഹർജി 5 നു പരിഗണിക്കും .ബിനീഷിനെ കാണാൻ അഭിഭാഷകരെ പോലും അനുവദിക്കുന്നില്ലെന്ന ഹർജിയാണ് കർണാടക ഹൈക്കോടതി പരിഗണിക്കുക .
അതേസമയം ഇ ഡി 5 ദിവസം കൊണ്ട് ബിനീഷിനെ ചോദ്യം ചെയ്തത് 38 മണിക്കൂർ .ഇന്നലെ രാവിലെ 8 15 നാണു വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിൽ നിന്ന് ബിനീഷിനെ ഇ ഡി ഓഫീസിൽ എത്തിച്ചത് .രണ്ടു നിലകൾ നടന്നു കയറേണ്ടി വന്ന ബിനീഷ് അവശ നിലയിൽ ആയിരുന്നു .ഇ ഡി ബുദ്ധിമുട്ടിക്കുന്നുണ്ടോ ,ക്ഷീണിതനാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് തലയാട്ടൽ മാത്രം ആയിരുന്നു മറുപടി .
10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ 12 മണി വരെ നീണ്ടു .ഭക്ഷണം കഴിച്ച ശേഷം പന്ത്രണ്ട് മുക്കാലോടെ ആണ് ഇ ഡി ഓഫിസിനു പുറത്തേയ്ക്ക് ബിനീഷിനെ കൊണ്ടുവന്നത് .ഛർദിയെ തുടർന്ന് ബിനീഷ് നാരങ്ങാ മണക്കുന്നുണ്ടായിരുന്നു .
കോടതിയിൽ ഹാജരാക്കാൻ ഉള്ളത് കൊണ്ട് കോവിഡ് ടെസ്റ്റ് നടത്തിച്ചു .വീഡിയോ കോൺഫറൻസിങ്ങിലൂടെ ബിനീഷിനെ ഹാജരാക്കാൻ ആകുമോ എന്ന് ഇ ഡി ശ്രമം നടത്തി .എന്നാൽ നേരിട്ട് ഹാജരാക്കാൻ ആയിരുന്നു കോടതി നിർദേശം .
നാലു മണിയ്ക്ക് ശേഷം ബാംഗ്ലൂർ സിറ്റി ആൻഡ് സിവിൽ കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ കോടതി 5 ദിവസത്തേയ്ക്ക് കൂടി ഇ ഡി കസ്റ്റഡിയിൽ വിട്ടു .ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരും .