സിബിഐയ്ക്ക് ഉദ്ധവ് കൊടുത്തത് എട്ടിന്റെ പണി, മഹാരാഷ്ട്രയിൽ കേസ് അന്വേഷിക്കാൻ അനുവാദം വാങ്ങണം
സംസ്ഥാനത്ത് കേസ് അന്വേഷിക്കാൻ സിബിഐക്കുണ്ടായിരുന്ന അനുമതി മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു.ടി ആർ പി തട്ടിപ്പ് കേസിൽ സിബിഐ യുപിയിൽ എഫ്ഐആർ റെജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം.ഇനി മഹാരാഷ്ട്രയിൽ അന്വേഷണം നടത്തണമെങ്കിൽ സിബിഐ ഓരോ കേസിനും അനുവാദം വാങ്ങേണ്ടി വരും.
ഉത്തർപ്രദേശിലെ ലക്നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ടി ആർ പി തട്ടിപ്പ് കേസ് പിന്നീട് യുപി സർക്കാർ സിബിഐയ്ക്ക് കൈമാറുക ആയിരുന്നു.ഇത് സംബന്ധിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യാഴാഴ്ച മാധ്യമങ്ങളെ കാണും.
റിപബ്ലിക് ടിവി അടക്കമുള്ള മൂന്ന് ചാനലുകൾ മുംബൈയിൽ റേറ്റിംഗിൽ കൃത്രിമം കാട്ടി എന്ന് ചൂണ്ടിക്കാട്ടി മുംബൈ പോലീസ് കേസ് റെജിസ്റ്റർ ചെയ്തിരുന്നു. കേസിൽ അർണാബ് ഗോസാമിയെ അടക്കം ചോദ്യം ചെയ്യാൻ ഇരിക്കെയാണ് സമാനമായ കേസ് ഉത്തർപ്രദേശിലും റെജിസ്റ്റർ ചെയ്യുന്നത്. പിന്നാലെ കേസ് യുപി സർക്കാർ സിബിഐയ്ക്ക് കൈമാറി.
സിബിഐയ്ക്ക് കേസ് അന്വേഷിക്കാനുള്ള അനുവാദം രാജസ്ഥാൻ, പശ്ചിമ ബംഗാൾ സർക്കാരുകൾ നേരത്തെ റദ്ദാക്കിയിരുന്നു.