കോവിഡ് രോഗി മരിച്ച സംഭവം: രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ പോലീസ് നടപടി തുടങ്ങി. മരിച്ച ഹാരിസിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഹാരിസിന്റെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ പോലീസ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. കളമശേരി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മെഡിക്കല്‍ കോളജിലെത്തി പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് വിവരം.
ഹാരിസ് മരിച്ചത് ഓക്സിജന്‍ മാസ്ക് മാറിക്കിടന്ന് ശ്വാസം കിട്ടാതെയാണെന്ന മെഡിക്കല്‍ കോളജ് ആശുപത്രി നഴ്സിങ് സൂപ്രണ്ടിന്റെ ഓഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥയാണു ഹാരിസിന്റെ മരണത്തിനു കാരണമെന്നു വിശ്വസിക്കുന്നതായും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഹാരിസിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു നടപടി സ്വീകരിക്കണം എന്നും ഇവര്‍ പൊലീസിനു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.