“അധികാരത്തിന്റെ അപ്പക്കഷ്ണം “ഒളിയമ്പെയ്ത് പന്ന്യൻറെ മകൻ
ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ സിപിഐ വഴങ്ങിക്കഴിഞ്ഞു .എന്നാൽ വഴങ്ങാത്ത സഹയാത്രികർ ഉണ്ടെന്നു പറയുകയാണ് സി.പി.ഐ. കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ.ഫേസ്ബുക്കിലൂടെയാണ് പ്രതികരണം .
രൂപേഷ് പന്ന്യന്റെ ഫേസ്ബുക് പോസ്റ്റ് –
ചില തുറന്നെഴുതലുകൾ
കാലം കാതോർത്തു നില്ക്കുന്ന കനൽ തരികളാണ് …
അടച്ചു വെച്ച ജാലകങ്ങൾക്കപ്പുറത്ത് എരിഞ്ഞു തീരേണ്ടതല്ല
ആ കനൽ തരികൾ …
ചോർന്നൊലിക്കുന്ന പ്രതീക്ഷകൾക്ക് ഇത്തിരി വെട്ടമേകാനായി മലർക്കെ തുറക്കണം …
ഓരോ ജാലകങ്ങളും …
അധികാരത്തിൻ്റെ ഇടനാഴികളിൽ അലഞ്ഞു തിരിഞ്ഞില്ലെങ്കിലും…
അധികാരവും
പ്രശസ്തിയും നല്കുന്ന സ്വപ്ന സമാന ദൃശ്യങ്ങൾ മഴവില്ലിൻ്റെ മനോഹാരിതയോടെ
പീലി വിരിച്ചാടുന്നത് കൺമുന്നിലെന്നും പതിവുകാഴ്ചയായിരുന്നു …
മനം മയക്കുന്ന ആ കാഴ്ചകൾക്കപ്പുറത്ത് മനം മടുപ്പിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളുണ്ടെന്നത്
തിരിച്ചറിയാതിരിക്കുമ്പോൾ
ചിതലരിക്കുന്നത് ചുവപ്പിൻ്റെ പ്രതീക്ഷകളാണ് ..
ചക്രവാളത്തിലെ ചുവപ്പിൻ്റെ
ശോണിമ കണ്ട് ചുവപ്പിനെ പ്രണയിച്ചവരല്ല പിന്നീട് കമ്മ്യൂണിസ്റ്റായത് …
ജന്മിമാരും
മുതലാളിമാരും
ചവിട്ടിമെതിച്ച പട്ടിണി കോലങ്ങളാണ് ചുവന്ന കൊടി പിടിച്ച് കമ്മ്യൂണിസ്റ്റായത് …
മരണം വരെ
കമ്മ്യൂണിസ്റ്റാകുക എന്നത് …
മരണം വരെ അച്ചുതമേനോനേയും വെളിയം ഭാർഗ്ഗവനേയും പോലെ നന്മ മനുഷ്യരായി ജീവിക്കുക എന്നതാണെന്ന് മനസ്സിലാക്കാനാവാത്ത
പലരുടെയും കൈകളിലെ പാവയായി മാറരുത്
കമ്മ്യൂണിസ്റ്റ് പാർട്ടി …
എം.പി ആകാനും
എം.എൽ എ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറുന്നവർ ..
കമ്മ്യൂണിസ്റ്റായി
കോൺഗ്രസ്സായി
പിന്നെ ബി.ജെ.പി
ആകുന്നവരുടെ നിരയിലെ കണ്ണികളായി മാറാനിരിക്കുന്നവരാണ് …
പ്രളയകാലത്ത് സ്വന്തം വയറിനോട് പ്രണയം കാണിക്കാതെ സഹജീവികൾക്കായി സർവ്വസ്വവും പിഴുതു നല്കിയ
എറണാകുളത്തെ നൗഷാദും ..
വിശപ്പകറ്റാനുള്ള അന്നദാതാവായ ആടിനെ വിറ്റ് കിട്ടിയ പണം കോവിഡിൻ്റെ ദുരന്തമുഖത്തെ കരുതലിനായി നാട്ടിനു നൽകിയ സുബൈദയും
അവരുടെ ജീവിതം തന്നെ നാട്ടിനു സമ്മാനമായി നല്കുമ്പോൾ….
മുതലാളിമാരുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നവരായി മാറരുത് കമ്യൂണിസ്റ്റുകാർ …
സർക്കാരാശുപത്രിയിലെ
ചികിത്സയും ….
ചുവന്ന ബോർഡുവെച്ച കാറിൽ കയറില്ലെന്ന ശാഠ്യവും…
ചെറിയ വീട്ടിലെ താമസവും…
സ്വന്തം വീട്ടിൽ വെച്ച് കണ്ട് ശീലിച്ചതുകൊണ്ടാകാം
കമ്മ്യൂണിസത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിക്കാനായി പാർട്ടി ക്ലാസ്സുകൾ കയറിയിറങ്ങേണ്ടി വരാതിരുന്നത്…
വിശക്കുന്നവന് നീറുന്ന
വയറാണ് കമ്മ്യൂണിസമെങ്കിൽ…
വിശപ്പില്ലാത്തവന്
അധികാരം
പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാർട്ടി …
അധികാരത്തിൻ്റെ
അപ്പ കഷ്ണങ്ങൾക്കായുള്ള
കുറുക്കുവഴിയിലെ യാത്രികരോട് തോളോട് തോൾ ചേർന്ന് യാത്ര ചെയ്യേണ്ടി വരുമ്പോഴും കലഹിച്ചു തുടങ്ങട്ടെ തുറന്നെഴുത്തിൻ്റെ ഈ ആദ്യ അദ്ധ്യായം …