NEWS

കേരളത്തിൽ പണിയുന്ന ഏറ്റവും മനോഹരമായ പാലമേതാണ്? പൊന്നാനി അഴിമുഖത്ത് ഭാരതപ്പുഴയ്ക്കു കുറുകെ പണിയാൻ പോകുന്ന തൂക്കുപാലമെന്ന് ധനമന്ത്രി

ഫേസ്ബുക് കുറിപ്പിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക് പൊന്നാനി അഴിമുഖത്ത് ഭാരതപ്പുഴയ്ക്കു കുറുകെ പണിയാൻ പോകുന്ന തൂക്കുപാലത്തെ കുറിച്ച് കുറിച്ചത്.

ഡോ തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്‌ –

Signature-ad

കേരളത്തിൽ പണിയുന്ന ഏറ്റവും സുന്ദരമായ റോഡ് ആലപ്പുഴ ചങ്ങനാശേരി റോഡാണെന്ന് ഞാനെഴുതിയല്ലോ. ഏറ്റവും മനോഹരമായ പാലമേതാണ്? പൊന്നാനി അഴിമുഖത്ത് ഭാരതപ്പുഴയ്ക്കു കുറുകെ പണിയാൻ പോകുന്ന തൂക്കുപാലമായിരിക്കും.

ഇതൊരു എഞ്ചിനീയറിംഗ് വിസ്മയം മാത്രമല്ല, ഒരു കലാരൂപവും കൂടിയായിരിക്കും. വാഹന സഞ്ചാരത്തിനു മാത്രമല്ല, സായംകാലത്ത് ഭാരതപ്പുഴ സംഗമത്തിലെ സൂര്യാസ്തമയം കാണാൻ ഏറ്റവും നല്ല സ്ഥലം. നടക്കാൻ രണ്ടു നടപ്പാതകൾ. തീരദേശ ഹൈവേയുടെ മറ്റൊരു പ്രത്യേകത ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള സൈക്കിൾ ട്രാക്കാണ്.
പാലത്തിലും സൈക്കിൾ ട്രാക്കുണ്ടാകും. പാലം കടന്ന് കരയിലെത്തിയാൽ വിശ്രമത്തിനും വിനോദത്തിനുമുള്ള ടൂറിസം സൗകര്യങ്ങൾ. ഇതെല്ലാം ചേർന്നതാണ് ഈ തൂക്കുപാലം.

സാങ്കേതികമായി കേബിൾ സ്റ്റെയിഡ് ബ്രിഡ്ജ് എന്നു വിളിക്കാം, ഈ പാലത്തെ. മധ്യഭാഗം ഉയർന്ന തൂണുകളിൽ നിന്നുള്ള കേബിളിലാണ് തൂങ്ങി നിൽക്കുന്നത്. അതു കഴിഞ്ഞാൽ രണ്ടുവശത്തും ട്രാൻസ്മിഷൻ സ്പാനുകളുണ്ട്. കേബിൾ ഭാഗം 400 മീറ്ററാണ്. ട്രാൻസിഷൻ ഭാഗം 100 മീറ്ററാണ്. വയഡക്ട് 990 മീറ്റർ. അങ്ങനെ മൊത്തം 1490 മീറ്റർ. ഇപ്പോൾ രണ്ടു വരിപ്പാത. പിന്നീട്, നാലുവരിപ്പാതയുമാക്കാം.

കേബിൾ സ്റ്റെയിഡ് ഭാഗത്തിനാണ് ഏറ്റവും വലിയ ചെലവ്. മീറ്ററിന് 33 ലക്ഷം രൂപ വരും. മറ്റു ഭാഗങ്ങൾക്ക് 5 ലക്ഷത്തിൽപ്പരം രൂപ വീതമേ വരൂ. മൊത്തം 292 കോടി രൂപ. 2017-18 ബജറ്റിൽ പ്രഖ്യാപിച്ചതാണിത്. ഇപ്പോഴാണ് എൽ ആൻഡ് ടി കമ്പനി തയ്യാറാക്കിയ വിശദമായ രൂപരേഖയും മാർഗനിർദ്ദേശങ്ങളും കിഫ്ബി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അംഗീകാരം നൽകിയത്. പണവും അനുവദിച്ചു.

ഈ പാലം വരുന്നതിന്റെ ഫലമായി തീരദേശ റോഡു വഴി വരുന്നവർക്ക് ചമ്രവട്ടത്തേയ്ക്ക് പോകാതെ നേരിട്ട് ഭാരതപ്പുഴ കടക്കാം. ചമ്രവട്ടത്തേയ്ക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. പുതിയ പാലം വരുമ്പോൾ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് 40 കിലോമീറ്റർ കുറയും. പൊന്നാനിക്കാർക്കുള്ള യാത്രാസൗകര്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ.

ഇപ്പോൾ ഒരു പുതിയ ചിന്തയുമുണ്ടായിട്ടുണ്ട്. അഴിക്കോട് – മുനമ്പം പാലവും ഇതുപോലൊന്ന് ആക്കിയാലെന്ത്?

https://www.facebook.com/209072452442237/posts/4027347617281349/

Back to top button
error: