സിനിമാ മേഖലയുടെ ഗ്ലാമറിന്റെ മറവിൽ പലപ്പോഴും അരുതായ്മയുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ട് .സിനിമ മേഖലയിലെ പാർട്ടികൾ എല്ലാം ഇപ്പോൾ സംശയത്തിന്റെ നിഴലിൽ വന്നിരിക്കുകയാണ് .
ഏവരെയും ഞെട്ടിച്ചു പുറത്ത് വന്ന അത്തരത്തിലുള്ള ആദ്യത്തെ കഥ സഞ്ജയ് ദത്തിന്റേതാണ് .ലഹരി പൂക്കുന്നയിടങ്ങളിലൊക്കെ സഞ്ജയ് ദത്തിന്റെ കാൽപാട് പതിഞ്ഞു .ഒടുവിൽ ലഹരിമുക്തിയും വലിയ വാർത്തയായി .അപ്പോഴൊന്നും നിയമക്കുരുക്കുകൾ ലഹരിയുടെ പേരിൽ ഇവരെ തേടിയെത്തിയില്ല .
ലഹരിയോടുള്ള അടങ്ങാത്ത ആസക്തി തുറന്നു പറഞ്ഞ് വാർത്തകളിൽ ഇടം പിടിച്ചത് മനീഷ കൊയ്‌രാളയും കങ്കണ റണൗട്ടുമാണ് .തന്നെ ലഹരിക്കടിമയാക്കി നടൻ ചൂഷണം ചെയ്തുവെന്ന് കങ്കണ വെളിപ്പെടുത്തി .
ബോളിവുഡിലെ 90 % പേരും ലഹരി ഉപയോഗിക്കുന്നവർ ആണെന്ന് കങ്കണയും 80 % പേർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് റിയയും പറയുന്നു .രണ്ടു ഡസനോളം ഉന്നതരുടെ പേരാണ് റിയ എൻ സി ബിയുടെ മുന്നിൽ പറഞ്ഞിട്ടുള്ളത് .
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ സിനിമ മേഖലയിലെ ലഹരി വേട്ടയ്ക്ക് പിന്നിലെ കാരണം .പിതാവിന്റെ പരാതിയിൽ മരണം അന്വേഷിക്കാൻ വന്ന സിബിഐയോ 15 കോടി നഷ്ടമായത് തപ്പി വന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ ഇപ്പോൾ ചിത്രത്തിൽ ഇല്ല .ഉള്ളത് നാർക്കോട്ടിക് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ആണ് .
റിയയെ പ്രത്യക്ഷത്തിൽ ലഹരി മാഫിയയുമായി ബന്ധപ്പെടുത്താനുള്ള തെളിവുകൾ ഇതുവരെ എൻ സി ബിയ്ക്ക് ലഭിച്ചിട്ടില്ല .ഏതാനും ചില വാട്ട്സ് അപ് ചാറ്റിന്റെ ചുവടു പിടിച്ചാണ് അറസ്റ്റ് .ഇതിനു സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എൻ സി ബി പറയുന്നുമില്ല .
സമാനമാണ് കന്നഡ സിനിമ മേഖലയിലെ സംഭവങ്ങൾ .രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അറസ്റ്റിൽ ആയിരിക്കുന്നു .ഇന്ദ്രജിത് ലങ്കേഷ് നൽകിയ പട്ടിക പ്രകാരമാണെങ്കിൽ ഇനിയും പലരും വലയ്ക്കുള്ളിൽ ആകാനുണ്ട് .ലഹരിമരുന്ന് മാഫിയക്ക് ഇങ്ങു മലയാള സിനിമയുമായി ബന്ധമുണ്ട് എന്ന ശ്രുതി വായുവിൽ നിലനിൽക്കുകയാണ് .പ്രതിപ്പട്ടികയിലെ മലയാളികൾക്ക് സിനിമാ ബന്ധം ഉണ്ട് എന്നത് പരസ്യമാണ് താനും .എന്തായാലും സുശാന്തിന്റെ മരണം സിനിമാ മേഖലയിലെ ശുദ്ധികലശത്തിനു കാരണമാകുമോ എന്ന് ഉറ്റു നോക്കുകയാണ് ഏവരും .