NEWS

1977 ,1999 ,2020  – ഗാന്ധി കുടുംബം ചോദ്യം ചെയ്യപ്പെട്ട വർഷങ്ങളും അതിജീവനത്തിന്റെ കഥയും  

കോൺഗ്രസ്‌ പാർട്ടിയിൽ എല്ലായിപ്പോഴും സമ്പൂർണ പിന്തുണ ഗാന്ധി കുടുംബത്തിന് കിട്ടിയിട്ടില്ല. സാക്ഷാൽ ഇന്ദിര ഗാന്ധി പോലും കോൺഗ്രസിന് പുറത്തായിട്ടുണ്ട്. ഇപ്പോഴത്തെ കൊട്ടാരവിപ്ലവം സാകൂതം വീക്ഷിക്കുന്നവർക്ക് പഴയ കഥകളിലും താല്പര്യം ഉണ്ടാകാം

ഡിസംബർ 28 നു കോൺഗ്രസ്സ് ഡൽഹിയിലെ പുതിയ പാർട്ടി ആസ്ഥാനത്തേക്ക് മാറുകയാണ് .ഏവരും ഉയർത്തുന്ന ചോദ്യങ്ങൾ രണ്ടെണ്ണമാണ് .അതിൽ ഏറ്റവും പരമപ്രധാനം പുതിയ പ്രസിഡണ്ട് ആകുമോ പുതിയ ആസ്ഥാനത്തിന്റെ ചുമതലക്കാരൻ എന്നാണ് .രണ്ടാമത്തെ ചോദ്യം ഒറ്റക്കെട്ടായ പാർട്ടിയെ ആണോ ദീൻ ദയാൽ മാർഗിലെ ഓഫീസിൽ കാണാനാവുക എന്നതാണ് .

സമീപകാലത്തെ ഏറ്റവും വലിയ കൊട്ടാരവിപ്ലവത്തിന്റെ അലയൊലികൾ ആണ് കോൺഗ്രസ്സ് അകത്തളങ്ങളിൽ നിന്ന് കേൾക്കുന്നത് .23 നേതാക്കൾ ദൃശ്യവും ശക്തവുമായ നേതൃത്വം വേണം എന്നാവശ്യപ്പെട്ടു കത്തയച്ചത് ഒരു അച്ചടക്ക ലംഘനം ആയി വ്യാഖ്യാനിക്കാൻ ആവില്ലെങ്കിലും വരികൾക്കിടയിലൂടെ വായിച്ചാൽ ഗാന്ധി – നെഹ്‌റു കുടുംബത്തിലെ മൂന്നുപേർക്കെതിരെയാണ് കത്തെന്നു വ്യക്തമാണ് -സോണിയ -രാഹുൽ -പ്രിയങ്ക .

പാർട്ടി തെരഞ്ഞെടുപ്പ് നടത്താൻ താൽക്കാലിക അധ്യക്ഷക്ക് ലഭിച്ചിരിക്കുന്നത് ആറു മാസം ആണ് .കോവിഡ് കാലം ആയതിനാൽ ആറു മാസം ഒരു ആശ്വാസ കാലമാണ് .എന്നാൽ രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ സന്നദ്ധൻ ആകുമെങ്കിൽ രാഹുലിനെതിരെ സ്ഥാനാര്ഥിയുണ്ടാകുമോ എന്നതാണ് നിർണായക ചോദ്യം .

കോൺഗ്രസ് ചരിത്രം നോക്കിയാൽ ഗാന്ധി കുടുംബം എല്ലായിപ്പോഴും കൊട്ടാരവിപ്ലവങ്ങളെ അതിജീവിച്ചിട്ടുണ്ട് എന്ന് കാണാം .നെഹ്‌റു – ഗാന്ധി കുടുംബത്തിലെ ഒരാൾ പോലും കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിൽ തോറ്റ ചരിത്രം ഇല്ല .എന്നാൽ 23 നേതാക്കൾ ഉയർത്തിയ വെല്ലുവിളിയെ എങ്ങനെ സോണിയ – രാഹുൽ – പ്രിയങ്ക ത്രയം നേരിടും എന്നത് കൗതുകകരമാണ് .

1969 ൽ സിണ്ടിക്കേറ്റ് ക്ലിക്ക് എന്നറിയപ്പെടുന്ന മുതിര്ന്ന നേതാക്കളുടെ ഗ്രൂപ് ഇന്ദിരാ ഗാന്ധിയെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി .അന്ന് കോൺഗ്രസ് തന്റെ തറവാട് ആണെന്നാണ് ഇന്ദിരാ ഗാന്ധി പറഞ്ഞത് .169 നെതിരെ 355 വോട്ടോടെ  പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം ലഭിച്ചിട്ടും 1967 ൽ ഇന്ദിരക്ക് പാർട്ടിയിൽ മേധാവിത്വം .നഷ്ടപ്പെട്ടു .7 ,ജന്തർ മന്തർ റോഡിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു .1959 ൽ
താൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആ ഓഫീസ് നഷ്ടമാകുന്നത് വൈകാരികതയോടെ നോക്കി നിൽക്കാനേ അന്ന് ഇന്ദിരക്ക് കഴിഞ്ഞുള്ളു .

1969 ലെ പിളർപ്പിൽ മൊറാർജി ദേശായി നേതൃത്വം നൽകുന്ന കോൺഗ്രസ് – ഒ പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു .1977 ൽ കോൺഗ്രസ് ഒ ജനതാ പാർട്ടിയുമായി ലയിച്ചു .അന്ന് മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്നു .സർദാർ വല്ലഭായ് പട്ടേൽ ട്രസ്റ്റ് രൂപീകരിച്ച് ആ ആസ്ഥാനം മൊറാർജി ദേശായി തന്റെ നിയന്ത്രണത്തിൽ ആക്കി .രണ്ടാം നില ജനത പാർട്ടിക്ക് വാടകയ്ക്കും കൊടുത്തു .

വർഷങ്ങൾക്ക് ശേഷം 2000 ൽ സോണിയ ഗാന്ധി ആ കെട്ടിടം തിരികെ നേടാൻ ശ്രമം നടത്തി .എ ഐ സി സി ജനറൽ സെക്രട്ടറി ഓസ്കർ ഫെർണാണ്ടസ് അന്നത്തെ ഡൽഹി മുഖ്യമന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു .സർദാർ പട്ടേൽ സ്മാരക സൻസ്ഥാൻ എ ഐ സി സി ഭാരവാഹികളെ ട്രസ്റ്റികൾ ആക്കി പുനസംഘടിപ്പിക്കണം എന്നാവശ്യപ്പെട്ടു .ഷീല ദീക്ഷിത് സർക്കാർ ആകട്ടെ കോൺഗ്രസിന് അവകാശപ്പെട്ടതാണ് കെട്ടിടം എന്ന് കാണിച്ച് അന്നത്തെ നഗര വികസന മന്ത്രാലയത്തിന് കത്തെഴുതി  . അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ വലം കൈ ആയിരുന്ന ജഗ്മോഹൻ മൽഹോത്ര ആയിരുന്നു നഗര വികസന മന്ത്രാലയത്തിന്റെ അധിപൻ .ബിജെപിയിൽ ചേർന്ന അദ്ദേഹം കോൺഗ്രസിന് കെട്ടിടം സ്വന്തമാക്കുന്നതിനു അനുമതി നിഷേധിച്ചു .

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി കോൺഗ്രസ്സ് 1977 ൽ പരാജയത്തിന്റെ രുചിയറിഞ്ഞു .പാർട്ടിയിൽ നിന്ന് ഒഴുക്കുണ്ടായി .1978  ജനുവരി 1 നു ഇന്ദിരയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അന്നത്തെ അധ്യക്ഷൻ കെ ബ്രഹ്മാനന്ദ റെഡ്‌ഡി പ്രഖ്യാപിച്ചു  .ഇന്ദിര എന്നാൽ ഇന്ത്യ എന്ന് പറഞ്ഞ നേതാക്കളെല്ലാവരും ഇന്ദിര ഗാന്ധിയിൽ നിന്ന് ഒഴിഞ്ഞു മാറി .നേതാക്കൾ ചേരികൾ മാറി .ഇന്ദിരക്ക് പുതിയ വിശ്വസ്തരെ കിട്ടി .പ്രവർത്തക സമിതി അംഗങ്ങളായ ഭൂട്ടാ സിങ് ,എ പി ശർമ്മ ,ജി കെ മൂപ്പനാർ ,സയ്യിദ് മിർ ക്വാസിം ,മരഗതം  ചന്ദ്രശേഖർ എന്നിവർ റെഡ്ഢിയെ കാണാൻ കുതിച്ചു .

അകാലി ദളിൽ നിന്ന് കോൺഗ്രസിലെത്തിയ  ഭൂട്ടാ സിങ് റെഡ്ഢിയോട് പൊട്ടിത്തെറിച്ചു .എങ്ങനെ നെഹ്രുവിന്റെ മകളെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന് ക്ഷോഭത്തോടെ ചോദിച്ചു .ഇന്ദിരയാണ് കോൺഗ്രസ്സ് എന്ന് ഭൂട്ടാ സിങ് പാർട്ടി പ്രസിഡന്റിനോട് അലറി .

1978 ൽ പിളർപ്പ് ഇന്ദിരയെ  സാരമായി ബാധിച്ചു .ലോക്സഭയിലെ 153 അംഗങ്ങളിൽ 76 പേരുടെ പിന്തുണ ഇന്ദിരയ്ക്ക് നഷ്ടമായി .പശുവും കിടാവും പാർട്ടി ചിഹ്നവും പോയി .പിളർപ്പ് ഇന്ദിരയ്ക്കു ഒന്നും  അവശേഷിപ്പിച്ചില്ല .അന്നത്തെ ഓഫീസ് സെക്രട്ടറി സാദിഖ് അലി ഒരു റെക്കോർഡ് പോലും ഇന്ദിരയ്ക്ക് കൈമാറാൻ തയ്യാറായില്ല .അത് ഇന്ദിരയെ വല്ലാതെ വേദനിപ്പിച്ചു .1980 ൽ ഇന്ദിര തിരിച്ചു വന്നു .പ്രതാപശാലിയായി തന്നെ .എന്നാൽ ജന്തർ മന്തറിലെ ആ കെട്ടിടം ഇന്ദിരയ്ക്ക് വേണ്ടായിരുന്നു .1978 മുതൽ കോൺഗ്രസ്സ് ആസ്ഥാനം 24 അക്ബർ റോഡിലായി .

രാഹുൽ ഗാന്ധിയുടെ ‘അമ്മ സോണിയയ്ക്കും സമാനമായ അനുഭവം പ്രവര്ത്തക സമിതിയിൽ നിന്നുണ്ടായി .1999 മെയ് 15, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയായിരുന്നു കോൺഗ്രസ്സ് പ്രവർത്തക സമിതി .ശരദ് പവാർ ഒന്ന് ചിരിച്ചു .കറയില്ലാത്ത വെള്ള വിരിപ്പിനു പുറത്ത് പി എ സാങ്മ ചവിട്ടി നിന്നു .സോണിയ നോക്കി നിന്നു .മറ്റ് അംഗങ്ങൾ അസ്തപ്രജ്ഞരായി .

പതിയെ സംസാരിച്ചു തുടങ്ങിയ പി എ സാങ്മ ഒരു കാര്യം പറഞ്ഞുവച്ചു .സോണിയ ഗാന്ധിയുടെ വിദേശ പൗരത്വ പ്രശ്നം ബിജെപി വലിയ ചർച്ചയാക്കുന്നു .ഇന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ഇതാണ് ചർച്ച .

പൊടുന്നനെ യാഥാർഥ്യം സോണിയക്ക് ബോധ്യമായി .1977 ന്റെ ആവർത്തനം. പവാർ – സാങ്മ -അൻവർ എന്നിവർക്ക് പകരം അന്ന് ജഗ്ജീവൻ റാം .ശേഷം ചരിത്രം .

2020 ഓഗസ്റ്റ് 24, ഗുലാം നബി ആസാദ് സംസാരിക്കുന്നതിനു മുൻപ് തന്നെ സോണിയ ഗാന്ധി പറയുന്നു ,”ഞാൻ താൽക്കാലിക അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നു “മൻമോഹനും ആന്റണിയും ചുണ്ടനക്കി .ചർച്ച ഏറെ നീണ്ടു .ഒടുവിൽ തീരുമാനമായി ആറു മാസത്തേക്ക് കൂടി സോണിയ ഗാന്ധി തന്നെ അധ്യക്ഷ .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: